തൃശൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ഡല്‍ഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ പദ്‍മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്‍മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതു കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന. എന്നാൽ പദ്മജ ബിജെപിയിൽ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവർതന്നെ രംഗത്തുവന്നിരുന്നു.
ബിജെപിയിലേക്കു പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്നു കേട്ടെന്നും എവിടെനിന്നാണ് ഇതു വന്നതെന്ന് അറിയില്ലെന്നുമായിരുന്നു പദ്മജ പറഞ്ഞത്. നിലവിൽ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. 2004ൽ മുകുന്ദപുരം ലോക്സഭാമണ്ഡലത്തിൽനിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പൻ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരിൽനിന്ന് 2021ൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയം രുചിച്ചു. വി.എസ്.സുനിൽ കുമാറായിരുന്നു അന്ന് എതിർസ്ഥാനാർഥി.
തൃശൂർ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാൽ. ഇന്ത്യൻ നാഷനൽ ട്രേഡ് യൂണിയൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷനൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. കെ.മുരളീധരൻ എംപി സഹോദരനാണ്.
അതേസമയം കെ മുരളീധരൻ എം പി ബിജെപി യിൽ ചേരുന്നുവെന്ന വാർത്ത മാസങ്ങൾക്ക് മുമ്പ് പ്രചരിച്ചപ്പോൾ മുരളീധരൻ പറഞ്ഞത് ഞാൻ കെ കരുണാകരന്റെ മകനാണ് എന്നാണ് .2010 ൽ കോൺഗ്രസ് ഗ്രൂപ്പിസം കൊടുമ്പിരി കൊണ്ട് നിന്നപ്പോൾ പാലായിലെ കോൺഗ്രസുകാർ പദ്‌മജയെ പാലായിൽ കൊണ്ടുവന്നു പ്രസംഗിപ്പിക്കാൻ ഒരു നീക്കം തുടങ്ങി.പാലായിലാകെ സ്വാഗത കമാനങ്ങളും ഉയർന്നു .
പാലാ നെല്ലിയാനി പള്ളിക്കു സമീപമുള്ള ഒരു ലോഹ കഷണത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു കോൺഗ്രസ് അഖിലേന്ത്യാ നേതാവായിരുന്നു അന്ന് പദ്‌മജയെ പാലായിൽ കൊണ്ടുവരാൻ മുൻകൈ എടുത്തത്.എന്നാൽ കോൺഗ്രസിലെ ഒരു പ്രബല വിഭാഗം പദ്‌മജയെ കൊണ്ടുവരുന്നത് വെട്ടാനും ശ്രമിച്ചു.ഒടുവിൽ പദ്‌മജ പാലായിലേക്ക് വരില്ലെന്ന് തീർച്ചയായപ്പോൾ നെല്ലിയാനി സ്വദേശി പൂഴിക്കടകൻ എടുത്ത് ഒരൊറ്റ പ്രയോഗം നടത്തി .പദ്മജ വന്നില്ലെങ്കിൽ ഞാൻ പാലാ കുരിശുപള്ളി കവലയിൽ സ്ഥാപിച്ചിരിക്കുന്ന സ്വാഗത കമാനത്തിൽ കയറി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യും.ഒടുവിൽ പദ്‌മജ വന്നു .ഇന്നത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആഫീസ് പ്രവർത്തിക്കുന്ന പഴയ കൊച്ചിൻ ബാങ്കിന്റെ തിണ്ണയിലെ സ്റ്റേജിൽ കയറി അവർ പറഞ്ഞു സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകൻ നഷ്ട്ടപ്പെടേണ്ടല്ലോ എന്ന് വിചാരിച്ച് ഞാൻ വന്നെന്നേയുള്ളൂ.ഇന്നും ആ പ്രവർത്തകൻ ഉണ്ട് പാലായിലൂടെ…ളാലം സെന്റ് മേരീസ് പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്കു മുൻപിലുണ്ട് എപ്പോഴും……പഴയ കാല ഓർമകളും അയവിറക്കി.ഇടയ്ക്കു തൊഴിൽ തട്ടിപ്പ് കേസിൽ അകത്തായിരുന്നു കക്ഷി.ഇപ്പോൾ ഭക്തിമാർഗത്തിലാണ് .