Kerala
വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു.,ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് പല ജോലികള്‍ക്ക് ശേഷമാണ് ആള്‍ദൈവമായി അരങ്ങുവാണത്.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതല്‍ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.
നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്‌ളാറ്റില്‍നിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസില്‍ നിര്‍ണായക തെളിവായതും ഈ സി.ഡി.കളാണ്.
രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി. അതിനിടെ, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വി.ഐ.പി. പരിഗണന ലഭിക്കുന്നതും വിവാദമായിരുന്നു. ജയിലില്‍ ‘പൂജാരി’യാകാന്‍ സന്തോഷ് ശ്രമങ്ങള്‍ നടത്തിയെന്നായിരുന്നു വിവരം. ജയിലില്‍ നിരന്തരം പൂജകള്‍ ചെയ്യുന്നതായും ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പൂജയ്ക്കായി സഹായങ്ങള്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോക്ടറുടെ സഹായി എന്നതായിരുന്നു ഏറെക്കാലം ജയിലില്‍ സന്തോഷ് മാധവന്റെ ജോലി. ഈ അവസരം മുതലെടുത്ത് പലര്‍ക്കും ഇയാള്‍ ചികിത്സ നിഷേധിച്ചിരുന്നതായും ജയിലിലായിരിക്കെ ഭൂമി ഇടപാടുകളടക്കം നടത്തിയിരുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്പനിക്ക് വിട്ടുനല്‍കിയതിലും വിവാദങ്ങളുണ്ടായി.