കോട്ടയം :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മൂന്ന് ലക്ഷം രൂപ കാർഷിക ലോൺ എടുത്ത ഇടമറുക് സ്വദേശി ജാൻസി ജോർജ് പൈകട എന്ന കർഷകയിൽ നിന്ന് ലെറ്റർ ഓഫ് അറേഞ്ച്മെന്റ് വിരുദ്ധമായി ഹർജിക്കാരിയുടെ അറിവോ സമ്മതമോ യാതൊരു നോട്ടീസും കൂടാതെ അന്യായമായി അപേക്ഷ ലോൺ പ്രോസസ്സിംഗ് ചാർജുകൾ, ഈക്വിറ്റബിൾ മോർട്ട്ഗേജ് ചാർജ്, ടൈറ്റിൽ അന്വേഷണം എന്നിവയുടെ തലത്തിൽ യാതൊരു അധികാരവുമില്ലാതെ 15,561.75 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലുകാവ് മറ്റം ബ്രാഞ്ച് പിരിച്ചെടുത്തതായി കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കണ്ടെത്തിതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് 3-6-2023 മുതൽ 15,561.75 രൂപയ്‌ക്ക് 9% പലിശ സഹിതം റീഫണ്ട് ചെയ്യാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേലുകാവ് മറ്റം ബ്രാഞ്ചിനോട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ് . കൂടാതെ എതിർ കക്ഷിയുടെ അന്യായമായ വ്യാപാര സമ്പ്രദായത്തിനും എതിർകക്ഷിയുടെ സേവനത്തിലെ പോരായ്മയ്ക്കും നഷ്ടപരിഹാരമായിയും,
വ്യവഹാരത്തിൻ്റെ ചെലവായി 5000 രൂപ സഹിതം പരാതിക്കാരന് 25,000/- രൂപ കൂടി നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിൽ എതിർകക്ഷിയോട് നിർദ്ദേശിച്ചു . ഈ ഓർഡറിൻ്റെ പകർപ്പ് ലഭിച്ചതിൻ്റെ അന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഓർഡർ പാലിക്കപ്പെടും, ഇല്ലെങ്കിൽ നഷ്ടപരിഹാര തുകയ്ക്ക് ഓർഡർ തീയതി മുതൽ യാഥാർത്ഥ്യമാകുന്നതുവരെ 9% പലിശ ഉണ്ടായിരിക്കും എന്നും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിൽ പറയുന്നു. കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ശ്രീ . മനുലാൽ വി.എസ്. കമ്മീഷൻ അംഗങ്ങൾ ആയ ശ്രീമതി. ബിന്ദു ആർ., ശ്രീ. കെ.എം. ആൻ്റോ എന്നിവരാണ് ഉത്തരവ് നൽകിയത്. പരാതികാരിക്ക് വേണ്ടി അഡ്വ : പവിത്രൻ കെ കോഴിക്കോട് ഹാജരായി.
പരാതിക്കാരി തൻ്റെ പരാതി പരിഹരിക്കുന്നതിനായി ബാങ്കിംഗ് ഓംബുഡ്‌സ്‌മാന് മുമ്പാകെ ഇതേ പരാതി നൽകിയിരുന്നതിനാൽ ഈ കമ്മീഷനു മുമ്പാകെ പരാതി നിലനിൽക്കില്ല എന്ന ബാങ്കിന്റെ വാദം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിരസിച്ചു. പരാതിക്കാരി ഒരു ഉപഭോക്താവല്ല കൂടാതെ എതിർ കക്ഷിയുടെ ഭാഗത്തുനിന്ന് സേവനത്തിൽ കുറവോ അന്യായമായ വ്യാപാര സമ്പ്രദായമോ ഇല്ല. കക്ഷികൾ തമ്മിലുള്ള ഉടമ്പടി പരാതിക്കാരനിൽ നിന്ന് വിവിധ ചാർജുകൾ ഈടാക്കാൻ എതിർ കക്ഷിക്ക് അർഹതയുണ്ട് തുടങ്ങിയ ബാങ്കിന്റെ വാദ മുഖങ്ങൾ കമ്മീഷൻ തള്ളിക്കൊണ്ടാണ് പരാതിക്കാരിക്ക് അനുകൂലമായ നിലപാട് എടുത്തത്. കേരളത്തിൽ വിവിധ ഇടങ്ങളിലായി ആയിരക്കണക്കിനു കര്‍ഷകരാണ് എസ്ബിഐയുടെ ഈ നടപടിക്ക് ഇരയായിട്ടുള്ളത്. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും വന്യമൃഗ ആക്രമണവും കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്കാണു ബാങ്കിന്റെ ഇരുട്ടടിക്ക് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ആശ്വാസം ഉണ്ടായിട്ടുള്ളത് .
കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരെയും കർഷക കുടുംബങ്ങളെയും അഭിവൃത്തിപ്പെടുത്തുന്നതിനുവേണ്ടി സർക്കാർ ധന സഹായത്തോടെ ഉള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വായ്പാപദ്ധതിയിലാണു ബാങ്കധികൃതരുടെ പീഡനം. ഏഴു ശതമാനമാണ് ഈ വായ്പയ്ക്കു പലിശനിരക്ക്. ഇതില്‍ മൂന്നു ശതമാനം പലിശ സബ്സിഡിയാണ്. നാലു ശതമാനം പലിശ കര്‍ഷകര്‍ അടച്ചാല്‍ മതി. അഞ്ചു വര്‍ഷത്തേക്കാണു കര്‍ഷകരും ബാങ്കും തമ്മില്‍ ഇടപാടിനു കരാര്‍ വയ്ക്കുന്നതെങ്കിലും ഓരോ വര്‍ഷവും കാലാവധി കഴിയുന്നതിന്റെ തൊട്ടുതലേന്ന് പുതുക്കിയിരിക്കണം. അഞ്ചു വര്‍ഷം വരെ പലിശ അടച്ച് പുതുക്കാം. ഒന്നര ഏക്കര്‍ സ്ഥലത്തിന് മൂന്നു ലക്ഷം രൂപയാണ് ഒരാള്‍ക്കു ലഭിക്കുക. കോഴിക്കോട് ജില്ലയിൽ എസ് ബി ഐയുടെ തിരുവമ്പാടി ബ്രാഞ്ചിൽ ആനക്കാംപൊയിൽ സ്വദേശി വാഴപ്പറമ്പിൽ ജോർജ് ജോസഫന് ഇങ്ങനെ വാങ്ങിയ പണം
എസ് ബി ഐയുടെ ചെയർമാന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരികെ നൽകിയിരുന്നു.