Kerala

നവകേരളാ ബസ്;എവിടെ;പാട്ട വിലയ്ക്ക് വിറ്റോ;അതോ രൂപമാറ്റം വരുത്തിയോ ..?

Posted on

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ പരിപാടിയായ നവകേരളാ സദസ്സിന് തയ്യാറാക്കിയ അത്യാധുനിക ബസ് എവിടെ?
അത് എന്തു ചെയ്തു ?. പാട്ട വിലയ്ക്ക് പൊളിച്ചു വിറ്റോ ?. അതോ കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തോ ?. അതോ മ്യൂസിയത്തില്‍ വെച്ചോ ?. ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ നിര നീളുകയാണ്. ആ ബസിനെക്കുറിച്ച്‌ ഇപ്പോള്‍ വലിയ വാര്‍ത്തകളൊന്നും കേള്‍ക്കാനില്ല. എന്നാല്‍, സത്യത്തിന്റെ അരികു ചേര്‍ന്നു പോലും നില്‍ക്കാത്ത വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പരക്കുന്നുണ്ട്.

നവകേരളാ സദസ്സിനായി സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒന്നരക്കോടി വിലയുള്ള ബസ് പൊടിപിടിച്ച്‌ കിടക്കുന്നുവെന്നും, പൊളിച്ചു ആക്രിയാ്കിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ബസ് ഇപ്പോള്‍ എവിടെ നിന്നാണോ വാങ്ങിയത് അവിടെത്തന്നെയുണ്ട്. ബംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (പ്രകാശ്) ബസുണ്ട്. അതിന്റെ രൂപമാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയ്ക്ക് സഞ്ചരിക്കാന്‍ പാകത്തിന് നിര്‍മ്മിച്ച ബസിന്റെ സീറ്റിംഗ് എല്ലാം മാറ്റി ടൂറിസ്റ്റ് ബസിനു വേണ്ടുന്ന സീറ്റിംഗ് ആക്കുകയാണ്. കൂടാതെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സുകള്‍ മാറ്റി സാധാരണ ഗ്ലാസ്സുകളും ഫിറ്റ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ തയ്യാറാക്കിയ റിവോള്‍വിംഗ് സീറ്റും ഇളക്കി മാറ്റിയിട്ടുണ്ട്. ബസിന്റെ നിറത്തില്‍ മാറ്റം വരുത്തില്ല. ഫുള്‍ സീറ്റിംഗ് കപ്പാസിറ്റിയോടെയായിരിക്കും ബസ് നിരത്തിലിറക്കുക. ഈ മാസം പകുതിയോടെ ബസ് ഓട്ടത്തിന് തയ്യാറാകുമെന്നാണ് കമ്പനിയിൽ  നിന്നും ലഭിക്കുന്ന വിവരം. ഈ മാസം 20ന് ബസിന്റെ ആദ്യ യാത്രയും ബുക്ക് ചെയ്തിട്ടുണ്ട്. ഡെല്‍ഹിയിലേക്കാണ് ആദ്യയാത്ര. 20 പേരടങ്ങളുന്ന സംഘമാണ് യാത്രയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യാ ടൂറിനാണ് ബുക്കിംഗ്. ടൂറിസ്റ്റ് യാത്രയ്ക്കു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും ബസിലുണ്ടാകും. എന്നാല്‍, റിവോള്‍വിംഗ് സീറ്റുകളോ, എസ്‌കലേറ്റര്‍ പടികളോ ഉണ്ടാകില്ലെന്നു മാത്രം.

അതേസമയം, ബസ് ഇപ്പോഴും ആഭ്യന്തര വകുപ്പിന്റെ കീഴില്‍ തന്നെയാണ്. ആഭ്യന്തര വകുപ്പാണ് ഈ ബസിന്റെ ഓണര്‍ഷിപ്പ് കൈയ്യാളുന്നത്. കെ.എ,സ്.ആര്‍.ടി.സിയുടെ പെര്‍മിറ്റുമായി നിരത്തിലോടുമെന്നു മാത്രം. ബസിന്റെ പേരില്‍ ഒരവകാശവും കെ.എസ്.ആര്‍.ടി.സിക്കുണ്ടാകില്ല. ടൂറിസം വകുപ്പിലേക്ക് ബസ് നല്‍കാനുള്ള തീരുമാനമായിരിക്കും ഉണ്ടാവുകയെന്നാണ് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ലഭിക്കുന്ന സൂചന. കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റിലാണ് ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ചോക്ലേറ്റ് ബ്രൗണ്‍ നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version