വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവിന്റെ 2,50,000 രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റാണ് മോഷ്ടിച്ചത്.
വൈക്കം കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനായിരുന്ന യുവാവ് തന്റെ ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മോഷ്ടിച്ച ബുള്ളറ്റ് ഇയാളുടെ വീടിനു സമീപത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ ദ്വിജേഷ്, എസ്.ഐമാരായ പ്രദീപ്. എം, വിജയപ്രസാദ്, സി.പി.ഓ നിധീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.