Kerala
ആള്താമസം ഇല്ലാത്ത വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ.
കുറവിലങ്ങാട് : വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ, എസ്.ഐ സുമിത, സി.പി.ഓ മാരായ സിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനാർദ്ദനൻ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.