മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. ഇന്ന് പാട്ടീൽ ബിജെപി ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസ് എന്നിവരുടെ സാന്നിധ്യത്തിൽ ബസവരാജ് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. മറാത്ത്‌വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.
അതേസമയം, പാട്ടീലിൻ്റെ രാജി വാർത്തകൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ നിഷേധിച്ചു. പാട്ടീലിൽ നിന്ന് ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ബസവ്‌രാജ് പാട്ടീലിൽ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ല. അദ്ദേഹം സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റാണ്, എന്നാൽ അദ്ദേഹം വളരെക്കാലമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല”-പടോലെ പറഞ്ഞു.