തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍.
ഇതില്‍ മൂന്നുപേരാണ് ഗഗന്യാന് പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി. 2025-ല്‍ ഗഗന്യാന് ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബഹിരാകാശ സൂപ്പര്‍ പവറായി രാജ്യം മാറും.