Politics
രാജ്യസഭാ സീറ്റിലേക്ക് പി എം എ സലാം;ഇ ടി മുഹമ്മദ് ബഷീർ ആരാവും;ലീഗ് യോഗം മാറ്റിവച്ചു
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം മാറ്റിവച്ചു.ഇന്ന് നടത്താനിരുന്ന യോഗം നാളത്തേക്കാണ് മാറ്റിയത്. നേരത്തെ നിശ്ചയിച്ച നേതൃസമിതി യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചർച്ചയിലെ ധാരണ യോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് കുഞ്ഞാലിക്കുട്ടി നിർദേശിച്ചിരിക്കുകയാണ്. നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ പരാജയപ്പെടുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിഎംഎ സലാമിൻ്റെ പേര് രാജ്യസഭയിലേയ്ക്ക് കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചതെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ യോഗം നിർണ്ണായകമാകും. പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ മത്സരിപ്പിച്ച് ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള ആലോചനയും നേതൃത്വത്തിന് മുന്നിലുണ്ട്.
ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും മുസ്ലിം ലീഗിന് തലവേദനയാകും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകൾ മുസ്ലിം ലീഗിൽ സജീവമായിരുന്നു. ഇതിനിടെയാണ് പൊന്നാനിയിൽ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്.