കോട്ടയം: സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ജില്ലാതല അവാർഡ് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനും വൈക്കം നഗരസഭയ്ക്കും.
മികച്ച ഉൽപ്പാദന സൂക്ഷ്മ സംരംഭത്തിനുള്ള ജില്ലാതല അവാർഡ് എം.ഡി. അജിത്കുമാറിന്റെ വിക്ടറി ഓയിൽ മിൽസ് ആൻഡ് ഫുഡ് പ്രോസസിംഗും മികച്ച ചെറുകിട ഉൽപ്പാദന യൂണിറ്റിനുള്ള അവാർഡ് ഡേവിഡ് ലൂയിസിന്റെ ഹൈറേഞ്ച് റബർ ആൻഡ് കയർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിനും ലഭിച്ചു. മികച്ച ഉൽപ്പാദന യൂണിറ്റിനുള്ള അവാർഡ് (മീഡിയം വിഭാഗം) കെ.എം. ഫൈസലിന്റെ ഫ്ളോർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും പ്രത്യേക വിഭാഗത്തിൽ(വനിത) ബിജി സോണിയുടെ ആയിരത്ത് ബിസിനസ് കോർപറേഷനും ലഭിച്ചു. മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റിനുള്ള അവാർഡ് സോണി ജോസഫ് ആന്റണിയുടെ ജേക്കബ് ആൻഡ് റിച്ചാർഡ്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനാണ്.
സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപന തലത്തിൽ രൂപീകരിച്ച സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണം, ഇവയുടെ മൊത്ത നിക്ഷേപം, മറ്റു സ്കീമുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ജില്ലാതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഈ തുക അതതു പ്രദേശത്തെ സംരംഭക വികസന പ്രവർത്തനങ്ങൾക്കുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി വിനിയോഗിക്കാം.
നിക്ഷേപങ്ങൾ, വാർഷിക വിറ്റുവരവുകൾ, ലാഭം, കയറ്റുമതി, ജീവനക്കാരുടെ എണ്ണം, ലഭിച്ച സർട്ടിഫിക്കേഷനുകളുടെ വിശദാംശങ്ങൾ, പരിസ്ഥിതി സുസ്ഥിരത സമ്പ്രദായങ്ങൾ തുടങ്ങിയ വിവരങ്ങൾ അപേക്ഷകർ പോർട്ടലിൽ രേഖപ്പെടുത്തുകയും ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചുമാണ് മികച്ച സംരംഭങ്ങളെ തിരഞ്ഞെടുത്തത്.
ജില്ലാ തലത്തിൽ ഉൽപാദന മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ അവാർഡ് ജേതാക്കൾക്കും മികച്ച എക്സ്പോർട്ട് സംരംഭങ്ങൾക്കും 50,000 രൂപയും പ്രശസ്തിപത്രവും മികച്ച വനിതാ പട്ടിക ജാതി സംരംഭക അവാർഡ് വിഭാഗത്തിലെ ജില്ലാ തല ജേതാക്കൾക്ക് 25,000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക.