Kerala
തിരുവനന്തപുരത്തു നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി
തിരുവനന്തപുരത്തു നിന്നും കാണാതായ രണ്ട് വയസ്സുകാരിയെ കണ്ടെത്തി .കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയുടെ അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. 20 മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതിയേക്കുറിച്ച് സൂചന ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് അറിയിച്ചു
ഹൈദരാബാദ് എൽപി നഗർ സ്വദേശികളായ അമർദീപ് – റബീന ദേവി ദമ്പതികളുടെ മകൾ മേരിയെ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് കാണാതായത്. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിൻ്റ്സ് കോളേജിന് തൊട്ടുമുമ്പുള്ള പ്രദേശത്തായിരുന്നു കട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ഇവിടെയെത്തി കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
കുട്ടിയെ കാണാതായ പരാതി അറിയിച്ചത് മുതൽ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ തുടരുകയായിരുനൻ) ഇന്നലെ രാത്രി 12.30 ഓടെ കുട്ടിയെ പ്രായമുള്ളയാളും യുവാവും ചേർന്ന് സ്കൂട്ടറിന് നടുവിലിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്ന് ഒരാൾ മൊഴി നൽകിയിരുന്നു.
അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായി അന്വേഷണം നടത്തിയത്. തെരുവോരങ്ങളിൽ കച്ചവടം നടത്തുന്ന കുട്ടിയുടെ രക്ഷിതാക്കൾ കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്ത് എത്തിയത്.
‘രാത്രി ഉറങ്ങുകയായിരുന്നു. പന്ത്രണ്ട് മണിക്ക് എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടിയെ കാണാനില്ല. നാല് കട്ടികളാണ്. ഒരു പെൺകുട്ടിയേ ഉള്ളൂ. എന്റെ കുഞ്ഞിനെ കണ്ടുപിടിച്ചുതരൂ.’ എന്ന ദമ്പതികളുടെ സങ്കടത്തോടെയുള്ള വാക്കുകൾ കേരളത്തെ നൊമ്പരപ്പെടുത്തിയിരുന്നു.