ഏറ്റുമാനൂർ: യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മഞ്ചേരിൽ വീട്ടിൽ ( അതിരമ്പുഴ കോട്ടമുറി ഇന്ദിര പ്രിയദർശനി കോളനിയിൽ ഇപ്പോൾ വാടകയ്ക്ക് താമസം) ജെറോം മാത്യൂസ് (23), ആർപ്പൂക്കര മുടിയൂർക്കര ഭാഗത്ത് കുളങ്കരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു (19) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് പതിനെട്ടാം തീയതി അതിരമ്പുഴ സ്വദേശിയായ യുവാവിനെ ആക്രമിക്കുകയായിരുന്നു. പതിനെട്ടാം തീയതി വൈകുന്നേരം 5: 30 മണിയോടുകൂടി മോട്ടർസൈക്കിളിൽ വരികയായിരുന്ന യുവാവിനെയും സുഹൃത്തിനെയും ഇവർ മറ്റൊരു മോട്ടോർസൈക്കിളിൽ പിന്തുടർന്ന് വന്ന് യുവാവിന് നേരെ ഇവരുടെ കൈവശം കരുതിയിരുന്ന കല്ലുകൾ (കോൺക്രീറ്റ് കഷണം)എറിയുകയായിരുന്നു. യുവാവിന് ഇതിൽ മാരകമായ പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇരുവരും ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ജെറോം മാത്യൂസ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെയും, സോജുമോൻ സാബു ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെയും ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ മാരായ ഷൈജു, ജയപ്രസാദ്, സി.പി.ഓ മാരായ അനീഷ് ഇ.എ, അനീഷ് വി.കെ, ഡെന്നി, അജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.