ചണ്ഡിഗഡ്: ഇൻഡ്യ മുന്നണിക്ക് കടുത്ത തിരിച്ചടിയായി മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ. എഎപി കൗൺസിലർമാരായ പൂനം ദേവി, നേഹ, ഗുർചരൺ കല എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.

ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെ ബിജെപി നേതാവ് മനോജ് സൊൻകർ മേയർ സ്ഥാനം രാജിവച്ചെങ്കിലും മൂന്ന് എഎപി കൗൺസിലർമാരുടെ രാജി പ്രതിസന്ധി ഉയർത്തുന്നു. മുനിസിപ്പൽ കോർപ്പറേഷനിൽ വീണ്ടും മേയർ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സഖ്യത്തിന് ജയിച്ചുകയറാൻ എളുപ്പമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

തന്നെ മേയർ സ്ഥാനാർത്ഥിയാക്കാമെന്ന് ആം ആദ്‌മി പാർട്ടി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കുൽദീപ് കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങൾക്കും ദളിതർക്കും വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ ആകർഷിക്കുന്നതാണ്’. ബിജെപിയിൽ ചേരാനുള്ള കാരണമായി നേഹ മൂസാവത്ത് പറഞ്ഞ കാരണം ഇങ്ങനെ.
പാർട്ടിയിൽ ചേർന്ന മൂന്ന് എഎപി കൗൺസിലർമാർ കൂടി ചേരുമ്പോൾ ബിജെപി കൗൺസിലർമാരുടെ എണ്ണം 17 ആകും. ശിരോമണി അകാലിദളിന്റെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ബിജെപിയുടെ ചണ്ഡിഗഡ് എംപി കിരൺ ഖേറിന് എക്സ്- ഒഫീഷ്യോ അംഗം എന്ന നിലയിൽ വോട്ടവകാശം ഉള്ളതിനാൽ ബിജെപിയുടെ അംഗബലം 19-ലേക്ക് എത്തും. എഎപിക്ക് പത്തും കോൺഗ്രസിന് ഏഴും കൗൺസിലർമാരാണ് കോർപ്പറേഷനിൽ ഉള്ളത്.

