Kerala
ഉടമയുടെ കൺമുമ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ചു;പിറകെ ഓടിയെങ്കിലും കിട്ടിയില്ല;സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ്
വടക്കഞ്ചേരി : പന്നിയങ്കരയിൽ ഉടമയുടെ കൺമുന്നിൽ നിന്നു ബൈക്ക് മോഷ്ടിച്ച് കള്ളൻ. ബൈക്ക് ഉടമയും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കാണ് മോഷണം നടന്നത്. കിഴക്കഞ്ചേരി പാറക്കുളം വീട്ടിൽ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷണം പോയത്.
സുഹൃത്തായ വിജയ കുമാറിനെ കാണാനാണ് ആശാരി പണിക്കാരനായ സതീഷ് പന്നിയങ്കരയിൽ എത്തിയത്. വിജയ കുമാറിന്റെ വീടിനു മുന്നിലെ റോഡിൽ ബൈക്ക് നിർത്തി ഇരുവരും ജോലി സംബന്ധിച്ച കാര്യങ്ങൾ സംസാരിച്ചു നിൽക്കുകയായിരുന്നു.
ഈ സമയത്ത് ഇതുവഴി വന്ന മോഷ്ടാവ് പെട്ടെന്നു ബൈക്കിൽ കയറിയിരുന്നു ഓടിച്ചു പോകുകയായിരുന്നു. ഇരുവരും ബൈക്കിനു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ വടക്കഞ്ചേരി പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.