Kerala

പൂഞ്ഞാർ അക്രമം; അക്രമികളെ ജനം ഒറ്റപ്പെടുത്തണം, പോലീസ് ആത്മപരിശോധന നടത്തണം:മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

Posted on

 

പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടിൽ സാമൂഹ്യവിരുദ്ധർ ആക്രമിച്ച സംഭവം അപലപനീയമാണ്. ഒരു പറ്റം സാമൂഹ്യ വിരുദ്ധരുടെ കിരാതമായ നടപടിയാണ് ആ വൈദികശ്രേഷ്ഠനെതിരെ ഉണ്ടായിരിക്കുന്നത്. ഒരു പ്രാർത്ഥനാലയത്തിൻ്റെ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അതിക്രമം കാണിക്കുകയും ആ അതിക്രമം അറിഞ്ഞെത്തിയ ആ കോമ്പൗണ്ടിൻ്റെ അധികാരിയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നടപടി തികച്ചും നിന്ദ്യവും പ്രതിഷേധാർഹവുമാണ്. പ്രായപൂർത്തിയാകാത്തവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഈ അതിക്രമം ഏതെങ്കിലും മതത്തിൻ്റെയോ ജാതിയുടെയോ പ്രേരണയാലാണ് അരങ്ങേറിയിരിക്കുന്നതെന്ന് ഒരിക്കലും കരുതാനാവില്ല. എന്നാൽ ഇത്തരം സംഭവങ്ങളിൽ ജാതി-മതകാര്യങ്ങൾ ഉൾപ്പെടുത്തി മുതലെടുപ്പ് നടത്താൻ ശ്രമങ്ങൾ എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടാവാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും അപഗ്രഥിക്കാനുമുള്ള ബുദ്ധിയും വിവേകവും ഉണ്ടെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഇത്തരം കുത്തിത്തിരിപ്പുകൾ ഇവിടെ വിലപ്പോവില്ല.

എന്നാൽ ഈ സംഭവത്തിൽ നമ്മുടെ നാട്ടിലെ പോലീസിൻ്റെ നടപടികൾ ശരിയായ രീതിയിലല്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. സാധാരണ ഗതിയിൽ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പരാതി കിട്ടി ആളെ പിടിച്ചാൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും പിടികൂടപ്പെടുന്നവൻ്റെ ചിത്രവും മുതുമുത്തച്ഛൻ്റെ ചരിത്രമുൾപ്പെടെയുള്ള കുറിമാനം ഭൂമിമലയാളത്തിലെ എല്ലാ പത്രമാധ്യമങ്ങൾക്കു വിതരണം ചെയ്തു വരാറുണ്ട്. എന്നാൽ ഈ കുറ്റകൃത്യത്തിൽ അതുണ്ടായിട്ടില്ല.

ഈ കുറ്റകൃത്യത്തെ സാധാരണ നിലയിൽ ഉള്ള ഒരു അതിക്രമവും അക്രമവും ആയി കണ്ട് നടപടികൾ സ്വീകരിക്കാൻ കേരളാ പോലീസിന് കഴിയാത്തതെന്താണ്. എന്തിനാണ് കുറ്റവാളികളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താത അവർക്കു സംരക്ഷണ കവചം ഒരുക്കുന്നത്. ജനങ്ങളിൽ എന്തെങ്കിലും സംശയത്തിനിട നൽകിയിട്ടുണ്ടെങ്കിൽ കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടു വരാത്ത പോലീസ് നടപടിയാണ് അതിനു കാരണമെന്ന് നിസംശയം പറയാനാകും. പോലീസിൻ്റെ ഈ നടപടി കുറ്റവാളികൾക്കനുകൂലമാണെന്ന ധാരണ പരക്കെ ഉളവാക്കിയിട്ടുണ്ട്. ഒരു അക്രമസംഭവത്തിലെ കുറ്റവാളികളെ വെളിപ്പെടുത്തിയാൽ എങ്ങനാണ് മതസൗഹാർദ്ദം തകരുക. യഥാർത്ഥ കുറ്റവാളികളെ വെളിപ്പെടുത്താതിരുന്നാലാണല്ലോ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്.

കുറ്റവാളികളെ ഒറ്റപ്പെടുത്താനും ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിക്കാനും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും കൃത്യവും ശക്തവുമായ നടപടി സ്വീകരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും ആവശ്യമായ നടപടികൾ പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. പകരം പോലീസ് ഇക്കാര്യത്തിൽ ചെയ്തതിന് എന്തെങ്കിലും ന്യായീകരണമുണ്ടോ. പോലീസിൻ്റെ ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും കാരണമായേക്കാം. വ്യക്തിവിരോധത്തിൻ്റെയും മറ്റ് താത്പര്യങ്ങളുടെയും ഒക്കെ പേരിൽ എന്തെങ്കിലും അതിക്രമമോ അക്രമമോ അരങ്ങേറിയാൽ ജാതിയുടെയോ മതത്തിൻ്റെയോ പേര് ഉയർത്തിക്കാട്ടിയാൽ പ്രതികൾക്കു സംരക്ഷണം ലഭിക്കുമെന്ന സന്ദേശമാണ് പോലീസിൻ്റെ ഇത്തരം നടപടികൾ നൽകുന്ന ആപത്കരമായ സൂചന.

ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളും വോട്ട് രാഷ്ട്രീയം ലക്ഷ്യമാക്കി മാത്രമാണ് നീങ്ങാറുള്ളതെന്നതും ദുഃഖകരമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയ സമയമായതിനാൽ അവരും കുറ്റകരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യ. ഇക്കാര്യത്തിൽ പാലാ രൂപതയും രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും പക്വതാപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്ന് അടിവരയിട്ടു പറയാനാകും. മാതൃകാപരവും വിവേകപരവുമായ നിലപാടാണ് ഈ വിഷയത്തിൽ പാലാ രൂപത കൈകൊണ്ടുവരുതെന്ന് നിസംശയം പറയാനാകും.

ഒരു വ്യക്തിയെ അദ്ദേഹത്തിനു അനുവദിച്ചു കിട്ടിയ അധികാരപരിധിയിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ചവർ ആരുമാകട്ടെ അവർ സാമൂഹ്യ വിരുദ്ധരും അക്രമികളുമാണ്. അതിൽ ജാതിയോ മതമോ കലർത്തേണ്ട കാര്യമില്ല. അവരെ പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യണം. ഈ അക്രമ സംഭവത്തെ അപലപിക്കാൻ നാട്ടിലെ ജാതി-മത-രാഷ്ട്രീയ-സന്നദ്ധ-സാമൂഹ്യ പ്രസ്ഥാനങ്ങളും ജനങ്ങളും ഒന്നടങ്കം രംഗത്തുവരണം. അവരെ കർശന നിയമനടപടികൾക്കു വിധേയരാക്കുകയും ചെയ്യണം. ഇതോടൊപ്പം മറ്റൊരു കേസിലെ കുറ്റവാളിക്കും നൽകാത്ത പരിഗണന ഈ കേസിൽ അക്രമികൾക്കു നൽകുന്ന പോലീസിൻ്റെ നടപടിയും എതിർക്കപ്പെടേണ്ടതാണ്. അക്രമികളെ അക്രമികളും സാമൂഹ്യവിരുദ്ധരെ സാമൂഹ്യവിരുദ്ധരായും കാണാൻ നമ്മുടെ പോലീസിനു കഴിയാത്തതെന്താണ്. അതിനുത്തരം നൽകേണ്ടത് പോലീസിനെ നയിക്കുന്നവരാണ്.

എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ – 686575

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version