Kerala

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കരുത്താകും: ഫ്രാൻസിസ് ജോർജ്ജ്. അഡ്വ. കെ ഫ്രാൻസിസ് ജോർജ്ജ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം തേടി

Posted on

 

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ്ജ് ഉമ്മൻ ചാണ്ടിയുടെ അനുഗ്രഹാശിസ്സുകൾ തേടി പുതുപ്പള്ളി പള്ളിയിലെ കല്ലറയിലെത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഫ്രാൻസിസ് ജോർജ്ജ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തിയത്. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും കാത്തുസൂക്ഷിച്ച് പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു.

ജനാധിപത്യ മൂല്യങ്ങളാണ് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. എവർക്കും പ്രിയങ്കരനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഐക്യജനാധിപത്യ മുന്നണിക്ക് വലിയ കരുത്ത് പകരും. ആ കരുത്ത് ആർജ്ജിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ കബറിടത്തിൽ എത്തി അനുഗ്രഹം തേടിയത്. അദ്ദേഹത്തിന്റെ ഓർമ്മകളും അദ്ദേഹം പകർന്നു നൽകിയ ലാളിതമാർന്ന പ്രവർത്ത ശൈലിയുമാണ് യു ഡി എഫിന്റെ ഏറ്റവും വലിയ ശക്തി. എല്ലാ വിഭാഗം ആളുകളെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിഗണിച്ചിരുന്ന ഉമ്മൻചാണ്ടി സാറിന്റെ ഓർമ്മകൾ എക്കാലത്തും ജന മനസ്സുകളിൽ ജ്വലിച്ച് നിൽക്കും.

അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിച്ചു കൊണ്ട് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യുഡിഎഫ് തുടക്കം കുറിക്കുകയാണ്. ഉമ്മൻ ചാണ്ടി എഫക്ട് എല്ലാ തെരഞ്ഞെടുപ്പുകളിലും ഉണ്ടാവും. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങളാണ് കേരളത്തിലേത്. രാഷ്ട്രീയ നിലപാടുകൾ വിവേചിച്ച് അറിഞ്ഞ് അവർ വോട്ട് ചെയ്യും എന്ന പൂർണ ബോധ്യമുണ്ട്. യു ഡി എഫ് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകൾക്ക് അനുകൂലമായ ജനവിധി സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ഉണ്ടാവുമെന്നും ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മനൊപ്പമാണ് ഫ്രാൻസിസ് ജോർജ്ജ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയത്. കേരളാ കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ, യുഡിഎഫ് ജില്ലാ കൺവീനറും കോൺഗ്രസ് നേതാവുമായ ഫിൽസൺ മാത്യൂസ്, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, കോൺഗ്രസ് നേതാക്കളായ ജോഷി ഫിലിപ്പ്, ജെയ്ജി പാലയ്ക്കലോടി, ഡിസികെ നേതാവ് സലിം പി. മാത്യു, അഡ്വ. ജെയ്സൺ ജോസഫ് , എ.കെ. ജോസഫ് തുടങ്ങിയവരും ഫ്രാൻസിസ് ജോർജ്ജിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version