Politics
പത്തനംതിട്ടയിൽ പി സി ജോർജിനെ വേണ്ടെന്ന് ബിജെപി പ്രവർത്തകർ;സുരേന്ദ്രൻ തന്നെ മതിയെന്ന് അഭിപ്രായ സർവ്വേ
പത്തനംതിട്ട: പത്തനംതിട്ടയിൽ പി സി ജോർജ്ജിന് പകരം കെ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ബിജെപി പ്രവർത്തകർ.
സിപിഎമ്മിലും കോണ്‍ഗ്രസ്സിലും പ്രമുഖർ കളത്തിലിറങ്ങുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേരും ഉയർത്തിയത്.
മുതിർന്ന നേതാവ് പി കെ കൃഷ്ണദാസാണ് ജില്ലാ ഭാരവാഹികളോടും മണ്ഡലം പ്രസിഡന്‍റുമാരോടും നേരിട്ട് അഭിപ്രായം തേടിയത്.എൻ ഡി എയിലെ പ്രധാന കക്ഷിയായ ബിഡിജെഎസ്സിനും പി സി ജോർജ്ജിനെ വേണ്ട. വെള്ളാപ്പള്ളി നടേശൻ പിസിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന് പിന്നിലും ബിഡിജെഎസ് നേതാക്കളുടെ താല്‍പര്യമാണ്.
പത്തനംതിട്ടയില്‍ സ്ഥാനാർഥിയാക്കുമെന്ന ഉറപ്പ് വാങ്ങിയാണ് സ്വന്തം പാർട്ടി പോലും ഇല്ലാതാക്കി പി സി ജോർജ്ജ് ബിജെപി പാളയത്തിലെത്തിയത്. എന്നാല്‍ അഭിപ്രായ സർവേയും ഘടക കക്ഷികളുടെ എതിർപ്പും ജോർജ്ജിന് എതിരാണ്. കോട്ടയം സീറ്റിലേക്ക് പിസിയെ മാറ്റാം എന്ന് കരുതിയാല്‍ അവിടെയും ബിഡിജെഎസ്സാണ് തടസ്സം. തുഷാർ വെള്ളാപ്പള്ളി തന്നെ കോട്ടയത്ത് മത്സരിക്കാൻ തയ്യാറെടുക്കുന്നു. എന്തായാലും പി സി ജോർജ്ജിന് സീറ്റ് ഉറപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് ഇനി പുതുവഴികള്‍ തേടേണ്ടിവരും.ഷോൺ ജോർജിനെയും പത്തനംതിട്ടയിൽ വേണ്ടെന്ന് ബിജെപി അണികൾ പറഞ്ഞത് പി സി ജോർജിനും കൂട്ടർക്കും പുത്തരിയിൽ കല്ല് കടിച്ച അനുഭവമാണ് ഉളവാക്കിയിരിക്കുന്നത്.