പൂഞ്ഞാര്‍ സെന്റ് മേരിസ് ഇടവക മുറ്റത്ത് ബൈക്ക് റൈസിങ് നടത്തുകയും അത് ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരിയായ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിക്കുകയും മോട്ടോർ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്ത സംഭവത്തെ പിതൃവവേദി പാലാ രൂപത സമിതി ശക്തമായി അപലപിക്കുന്നു.
ലഹരിമരുന്ന് മാഫിയയിൽപെട്ട ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിങ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു.
അനീതി ചോദ്യം ചെയ്തതിനാൽ മർദ്ദനമേറ്റ വൈദികൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരല്‍ചൂണ്ടുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്സ്വീകരിക്കണമന്നും ദേവാലയത്തിനും വൈദികർക്കും വിശ്വാസികൾക്കും മതിയായ സുരക്ഷ നൽകണമെന്നും പിതൃവേദി പാലാ രൂപത സമിതി ഏകകണ്ഠേന ആവശ്യപ്പെട്ടു.
പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ടിന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രൂപത ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ, സെക്രട്ടറി ടോമി തുരുത്തിക്കര, മാത്യു കൊച്ചേരി, ബിൻസ് തൊടുക, ജോസഫ് അറക്കപറമ്പിൽ, ബിനു രാമപുരം തുടങ്ങിയവർ പ്രസംഗിച്ചു.