Kerala

ആന തകർത്ത ജീവിതങ്ങൾക്ക് ആശ്വാസം പകർന്ന് രാഹുൽഗാന്ധി വയനാട്ടിൽ;നിങ്ങളോടൊപ്പം ഞാനുണ്ട്;എപ്പോൾ വേണേലും എന്നെ വിളിക്കാം

Posted on

മാനന്തവാടി: നിങ്ങൾക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറഞ്ഞപ്പോൾ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.

അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും – രാഹുൽഗാന്ധി പറഞ്ഞു. അജിയുടെ അച്ഛൻ ജോസഫ്, അമ്മ എൽസി, ഭാര്യ ഷീബ, മകൾ അൽന മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായും രാഹുൽഗാന്ധി സംസാരിച്ചു.

ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുൽഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽഗാന്ധി തയ്യാറായില്ല. രാവിലെ കണ്ണൂരിൽ നിന്ന് കാർ മാർഗമാണ് രാഹുൽ ഗാന്ധി പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയിൽ അജിയുടെ വീട്ടിലെത്തിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് അയൽവാസിയുടെ വീട്ടുമുറ്റത്ത് നിന്ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷി(47)നെ കാട്ടാന ചവിട്ടിക്കൊന്നത്.

ഇതിനിടെ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ശനിയാഴ്ചയും വിജയിച്ചിട്ടില്ല. തോല്‌പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ കൂടല്‍ വനത്തിലാണ് ശനിയാഴ്ച ദൗത്യസംഘം ആനയ്ക്കടുത്ത് എത്തിയത്.

പത്തുമീറ്റര്‍ വരെ അടുത്തെത്തിയെങ്കിലും ബേലൂര്‍ മഖ്നയും കൂടെയുണ്ടായിരുന്ന മോഴയാനയും ദൗത്യസംഘത്തിനുനേരെ തിരിഞ്ഞു. കൂടെയുണ്ടായിരുന്ന മോഴയെ ദൗത്യസംഘം ഓടിച്ചെങ്കിലും ബേലൂര്‍ മഖ്ന ദൗത്യസംഘത്തിനുനേരെ കുതിച്ചെത്തി. കോന്നി സുരേന്ദ്രന്‍, വിക്രം എന്നീ കുങ്കിയാനകളാണ് ദൗത്യസംഘത്തിന്റെ രക്ഷകരായത്. ഒരു കുങ്കിയാനയെ ബേലൂര്‍ മഖ്ന ആക്രമിക്കുകയും ചെയ്തു. എന്നാല്‍, പരിക്കൊന്നുമില്ല.

ബേലൂര്‍ മഖ്ന ദൗത്യം രണ്ടാംവാരത്തിലേക്ക് നീണ്ടിരിക്കയാണ്. വെള്ളിയാഴ്ച രാത്രി 7.30-ഓടെ ഇല്ലിക്കൂട്ടങ്ങളും തേക്കുമരങ്ങളും ഇടകലര്‍ന്ന കടവയല്‍ വനപ്രദേശത്താണ് ആന നിലയുറപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെ മണ്ണുണ്ടി കോളനി പരിസരത്തെ കാളിന്ദിനദിയോടു ചേര്‍ന്ന വനമേഖലയിലെത്തിയതായി സിഗ്‌നല്‍ ലഭിച്ചു. രാവിലെ ആറോടെ ഇരുമ്പുപാലം പ്രദേശം കടന്ന് ബേഗൂര്‍ വനമേഖലയിലേക്കും ബാവലി, പുഞ്ചവയല്‍ വനപ്രദേശങ്ങളിലേക്കും ആന നീങ്ങി. ഉച്ചയ്ക്കുശേഷമാണ് തോല്‌പെട്ടി കൂടല്‍ വനത്തിലെത്തിയത്. ദൗത്യം ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version