Kerala

ചാഴിയെക്കൊല്ലാൻ പീരങ്കി വേണ്ടാ;പാലാ നഗരസഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ജോസഫ് ഗ്രൂപ്പ് കൗൺസിലർ സിജി ടോണി

Posted on

പാലാ : നിരന്തര വിവാദങ്ങളും കലഹങ്ങളും തമ്മിലടിയും മൂലം മുഖം നഷ്ടപ്പെട്ട നിലവാരം ഇല്ലാത്ത പാലായിലെ നഗര ഭരണാധികാരികളുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പാലായിലെ പൊതു സമൂഹത്തോട് ചേർന്ന് നിന്ന് പുശ്ചിച്ച് തള്ളുന്നുവെന്ന് പാലാ നഗരസഭ പ്രതിപക്ഷ കൗൺസിലർ സിജി ടോണി പ്രസ്ഥാവനയിലൂടെ പറഞ്ഞു.ഇന്നലെ ഭരണപക്ഷ കൗൺസിലർമാർ സിജി ടോണിയുടെ പേരെടുത്ത് പരാമർശിച്ച പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് പോലെ പതിവ് പദ്ധതികളല്ലാതെ എന്ത് വികസനമാണ് ഭരണപക്ഷം നാടിന് നൽകിയതെന്ന് വ്യക്തമാക്കണം. പാലായിൽ മുൻ ചെയർമാൻമാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയുണ്ടാക്കിയതാണ് ഭരണമുന്നണിയുടെ പ്രധാന നേട്ടം.ഹൗസ് ബോട്ടിലെ പകിട കളി വിവാദം മാധ്യമങ്ങൾക്ക് ദൃശ്യങ്ങൾ സഹിതം ചോർത്തി നൽകിയത് ഒറ്റക്കെട്ടെന്ന് ഇന്നലെ മാധ്യമങ്ങൾക്ക് മുമ്പിൽ അവകാശപ്പെട്ട ഭരണപക്ഷാംഗമായ മുൻ ചെയർപേഴ്സണാണ്.

പ്രതിപക്ഷത്ത് നേതാവാകാൻ ശ്രമിക്കുന്നവരിൽ താനടക്കം പലരുണ്ടെന്ന ഭരണകക്ഷിയുടെ പ്രസ്ഥാവന തങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.പ്രതിപക്ഷത്തെ എല്ലാവരും പ്രതിപക്ഷ നേതാവാകാൻ യോഗ്യതയുളളവരാണ്. പ്രതിപക്ഷ നേതാവിൽ അവിശ്വാസമില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകും.ഭരണമുന്നണിയിലെ മൂന്ന് കാല് മാത്രമുള്ള തുരുമ്പിച്ച കട്ടിൽ കണ്ട് പനിക്കേണ്ട രാഷ്ട്രീയ ഗതികേട് തങ്ങൾക്കില്ല.ഭരണമുന്നണിയിൽ ചെയർപേഴ്സൺ പോയിട്ട് പ്യൂൺ ആകാൻ പോലും യോഗ്യതയുള്ള ഒറ്റ ഒരെണ്ണമില്ല എന്നതിനാൽ മറിച്ച് ആരോപണമുന്നയിക്കുന്നില്ല.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനത്തേക്ക് കൗൺസിലിലെ ഏറ്റവും അനുയോജ്യയായ വ്യക്തിയെയാണ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്.അവരുടെ അനുഭവ സമ്പത്ത് നഗരസഭയ്ക്ക് മുതൽ കൂട്ടാക്കുന്നതിന് പകരം അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നയമാണ് ഇന്നലത്തെ ഭരണപക്ഷ പ്രസ്താവനയിലൂടെ ഒളിഞ്ഞും തെളിഞ്ഞും വെളിവാകുന്നത്.

ചാഴിയെക്കൊല്ലാൻ പീരങ്കി വേണ്ടാത്തതിനാലാണ് വിഷയത്തിൽ പ്രതിപക്ഷം കൂട്ടായ പ്രതികരണം നടത്താത്തതെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് സിജി ടോണി പ്രതികരിച്ചു.ആവശ്യമെങ്കിൽ പ്രതിപക്ഷ നേതാവ് നേരിട്ടും വേണ്ടി വന്നാൽ കൂട്ടായും പിന്നീട് പ്രതികരിക്കും.

സിജി ടോണി
കൗൺസിലർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version