കാവുംകണ്ടം: പൂഞ്ഞാർ സെന്റ് മേരീസ് ഫോറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനുള്ള ശ്രമം ആസൂത്രിതവും ആത്യന്തം ഗൗരവതരവും ആണെന്ന് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. ദേവാലയത്തിൽ ആരാധന നടക്കുന്ന സമയത്ത് പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി കാർ റേസിംഗ് നടത്തുകയും ഇതിനെ ചോദ്യം ചെയ്തതിനുള്ള പ്രതികാരമെന്നോണം വൈദികനെ കാർ ഇടിച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇടവകയിലെ എ.കെ.സി.സി, പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം, കുടുംബ കൂട്ടായ്മ, ഡി. സി. എം. എസ്. സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു. മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും വ്യാപകമായ ഉപയോഗം യുവാക്കളിൽ കൂടി വരുകയാണ്. ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ച് യുവാക്കൾ നടത്തുന്ന അക്രമണങ്ങളും കാർ റേസിംഗ് പോലെയുള്ള സാഹസ പ്രവർത്തനങ്ങളും പൊതുജന ജീവിതത്തിന് ഭീഷണിയായി മാറുന്നു. ഇത് ചില സന്ദർഭത്തിൽ മറ്റു മതങ്ങളുടെ മേലെയുള്ള കടന്നുകയറ്റത്തിന് കാരണമാകുന്നു.
നോമ്പുകാലത്ത് പള്ളിയിൽ ആരാധന നടക്കുന്ന സമയത്ത് ദേവാലയ പരിസരത്ത് യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം മതസൗഹാർദ്ദതയെ വെല്ലുവിളിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി അധികാരികൾ സ്വീകരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇത്തരം സാമൂഹ്യവിരുദ്ധരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും പോലീസ് അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാവുംകണ്ടം പള്ളിയിൽ വച്ച് നടന്ന പ്രതിഷേധ യോഗം ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. രാജു കോഴിക്കോട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. രഞ്ജി തോട്ടാക്കുന്നേൽ, ജോഷി കുമ്മേനിയിൽ, ഷൈബി തങ്കച്ചൻ താളനാനി, ജോയൽ ആമിക്കാട്ട്, ജോയ്സി ബിജു കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കുഞ്ഞുകുട്ടി മഠത്തിപ്പറമ്പിൽ, ചാക്കോച്ചൻ പെരുമാലിൽ, ജോസ് വഞ്ചിക്കച്ചാലിൽ, രാജു അറക്കകണ്ടത്തിൽ, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ SD, ബിന്ദു കൊണ്ടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.