പാലാ: റോഡിന് വീതി കൂട്ടിയപ്പോൾ എട്ടോളം വൈദ്യുത തൂണുകൾ റോഡിന് മദ്ധ്യത്തിലായതോടെ റോഡ് നവീകരണം മുടങ്ങി.
കവീകുന്ന് ചീരാംകുഴി – പാനായിൽ ചെക് ഡാം റോഡിൻ്റെ ടാറിംഗാണ് മുടങ്ങിക്കിടക്കുന്നത്. വൈദ്യുത തൂണുകൾ കാരണം സുഗമമായ ഇരു നിര വാഹന ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്.
ഇതു സംബന്ധിച്ച് വാർഡ് കൗൺസിലർ ജോസ് ചീരാംകുഴി നഗരസഭാ കൗൺസിലിൽ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നഗരസഭയിലെ ഏഴ് എട്ട് വാർഡുകളിലൂടെയുള്ള റോഡിലെ വൈദ്യുത തൂണുകൾ മാറ്റുവാൻ നടപടിയായത്. 40000 ൽ പരം രൂപ ഇതിനായി വൈദ്യുത ബോർഡിന് നൽകും.വൈദ്യുത തൂണുകൾ മാറ്റി എത്രയും വേഗം റീ ടാർ ചെയ്ത് തകർന്ന കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് ചെയർമാൻ ഷാജു.വി.തുരുത്തൻ പറഞ്ഞു.
അതേസമയം തിരുത്തൽ പ്രസ്താവനയുമായി പ്രതിപക്ഷ കൗൺസിലർ സിജി ടോണി രംഗത്ത് വന്നു.
കൊച്ചിടപ്പാടി – കവീക്കുന്ന് വാർഡുകളുടെ അതിർത്തി റോഡായ പാനായിൽ റോഡിന്റെ നടുക്കായി നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ മാറ്റാൻ നഗരസഭ കൗൺസിൽ തീരുമാനമെടുത്തത് വൈകി ഉദിച്ച വിവേകമെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി പറഞ്ഞു.
വിഷയത്തിൽ കഴിഞ്ഞ ഒന്നര വർഷക്കാലമായി നിരവധി പരാതികൾ താൻ നഗരസഭയിൽ നൽകിയിരുന്നതായും സിജി ടോണി അറിയിച്ചു. വൈദ്യുത പോസ്റ്റ് മാറ്റാത്ത നടപടിയിൽ വാർഡ് സഭയിൽ കക്ഷി രാഷ്ടീയത്തിന് അതീതമായ പ്രതിഷേധം ഉണ്ടായതാണ്. വിഷയത്തിൽ നഗരസഭയിൽ പ്രതിഷേധിക്കണമെന്നും ഐക്യകണ്ഠേന വാർഡ് സഭ തീരുമാനിച്ചിരുന്നു. തുടർ നടപകൾ ആലോചിക്കാനായി നാളെ പ്രദേശവാസികളുടെ അടിയന്തിര യോഗം പാനായിൽ റോഡിൽ വിളിച്ച് ചേർത്തിരുന്നു. ഇതും ഇന്നത്തെ കൗൺസിൽ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.പ്രസ്തുത റോഡിന്റെ ടാറിംഗ് വേലകൾക്കായി കൊച്ചിടപ്പാടി വാർഡിന്റെ ഫണ്ടിൽ നിന്നുമാണ് മുഴുവൻ തുകയും ഇട്ടത്. പോസ്റ്റ് മാറ്റാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.
പക്ഷേ പ്രതിപക്ഷ കൗൺസിലറായ തന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിലല്ല വൈദ്യുത പോസ്റ്റ് മാറ്റുന്നത് എന്ന് വരുത്തി തീർക്കാൻ ചെയർമാൻ നടത്തിയ നീക്കം അപഹാസ്യമാണ്.
കഴിഞ്ഞ കാലങ്ങളിൽ വിഷയത്തിൽ താൻ നൽകിയ പരാതി ബോധപൂർവ്വം മാറ്റി വയ്ക്കുകയും പുതിയ നിവേദനം വാങ്ങുകയും ചെയ്ത ചെയർമാന്റെ ഇരട്ടത്താപ്പ് വാർഡിലെ ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു.ഉറങ്ങുന്ന സെക്രട്ടറിയും ഉറക്കം അഭിനയിക്കുന്ന നഗരസഭ ചെയർമാനുമാണ് പാലാ നഗരസഭയിലുള്ളത്.