Kottayam
45.60 കോടി മുടക്കി നവീകരിച്ച മൂന്നുറോഡുകൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോട്ടയം: കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ – ഇളങ്കാട്-വല്യേന്ത റോഡിന്റെ പണി വാഗമൺ വരെ പൂർത്തിയാകുന്നതോടെ
വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മുണ്ടക്കയം-കൂട്ടിക്കൽ-ഏന്തയാർ- ഇളങ്കാട്-വല്യേന്ത റോഡ്, ചോലത്തടം-കാവാലി-കൂട്ടിക്കൽ റോഡ്, കൂട്ടിക്കൽ ടൗൺ-നഴ്‌സറിപ്പടി റോഡുകളുടെ സംയുക്ത ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 45.60 കോടി രൂപ മുടക്കിയാണ് മൂന്നു റോഡുകൾ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചത്.
വാഗമൺ, തേക്കടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കാൻ വാഗമൺ വരെയുള്ള പണി പൂർത്തിയാകുന്നതോടെ സാധിക്കും. പശ്ചാത്തല സൗകര്യ വികസനത്തിൽ കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ വളരെയധികം പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ കെ.ജെ. തോമസ് ചടങ്ങിൽ മുഖ്യാതിഥി ആയി. പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരാറുകാരനായ ഇ.എം.മധുവിനെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിത രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജോയ് ജോസ് മുണ്ടുപാലം, ജോർജ് മാത്യു,
ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനു ഷിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രജനി സുധീർ, റെജി ഷാജി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എം.വി. ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളീധരൻ, കെ.എൻ. വിനോദ്, ആൻസി അഗസ്റ്റിൻ, മായ ജയേഷ്, പി.എസ്.സജിമോൻ, ജെസ്സി ജോസ്, സൗമ്യ ഷമീർ, കെ.എസ്.മോഹനൻ, സി.ഡി.എസ്. ചെയർ പേഴ്‌സൺ ആശ ബിജു, പൊതുമരാമത്ത് റോഡ് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എൽ. രാഗിണി, രാഷ്ട്രീയ പാർട്ടി അംഗങ്ങളായ പി.കെ.സണ്ണി, ജിജോ കാരക്കാട്, പി.സി.സൈമൺ, കെ.പി. ഹസൻ, പി.ജി.ദീപു, ജോർജുകുട്ടി മടിയ്ക്കാങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
പൊതുമരാമത്ത് വകുപ്പിൽ നിന്നുളള 35 കോടി രൂപ ഉപയോഗിച്ചാണ് മുണ്ടക്കയം കൂട്ടിക്കൽ – ഇളങ്കാട്- വലേന്ത- വാഗമൺ റോഡ് ഒന്നാംഘട്ടമായി വലേന്ത വരെ പൂർത്തീകരിച്ചത്. ഈ റോഡ് കോലാഹല മേട് വഴി വാഗമണ്ണിലേക്ക് എത്തിച്ചേരുന്നതിന് സംസ്ഥാന ബജറ്റിൽ 17 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്തു നിന്നാരംഭിച്ച് കാവാലി വഴി കൂട്ടിക്കൽ എത്തിച്ചേരുന്ന റോഡ് പത്തുകോടി രൂപ ചെലവഴിച്ചാണ്
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ചത്. ഈ റോഡ് കൊക്കയാർ വഴി 35-ാം മൈലിൽ എത്തി ദേശീയ പാതയുമായി കൂടിച്ചേരുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 60 ലക്ഷം രൂപ ചെലവഴിച്ചാണ് കൂട്ടിക്കൽ ടൗൺ – നഴ്സറി സ്‌കൂൾ ജംഗ്ഷൻ റോഡ് നവീകരിച്ചത്.