Crime
റോഡരികിലെ കുഴിയിലിരുന്ന് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച് ജോലിക്കാരൻ മരിച്ചു
തിരുനാവായ: റോഡരികിലെ കുഴിയിലിരുന്ന് ജല അതോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച് ജോലിക്കാരൻ മരിച്ചു.
കുറ്റിപ്പുറം നടുവട്ടം കളത്തില്‍പടി കളത്തില്‍പറമ്പിൽ കോരന്റെയും മുണ്ടിയുടെയും മകൻ ഹരീഷ് (48) ആണു മരിച്ചത്. ഹരീഷ് കുഴിയിലിരുന്ന് പൈപ്പ് നന്നാക്കുന്നതിനിടെ കുഴിയില്‍ചാടിയ കാർ തലയില്‍ ഇടിക്കുകയായിരുന്നു.
തിരുനാവായ വലിയപറപ്പൂരില് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം.സമീപത്തെ പറമ്പിലേക്ക് പോയിരുന്ന സഹായി തിരികെവന്നപ്പോള്‍ തലയില്‍ മുറിവേറ്റ നിലയില്‍ ഹരീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അതേസമയം ഹരീഷിന്റെ തലയില്‍ കാർ തട്ടിയത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് വിവരം. കാർ പിന്നീടു കണ്ടെത്തി. ഒരാള്‍ക്ക് കുനിഞ്ഞിരിക്കാവുന്ന തരത്തിലാണ് കുഴി ഉണ്ടാക്കിയിരുന്നത്. കുഴിക്കു ചുറ്റും സുരക്ഷാ സംവിധാനങ്ങളോ, തകരാർ പരിഹരിക്കുന്ന സ്ഥലത്ത് ജല അതോറിറ്റി ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.