– ഏഴു തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു
കോട്ടയം: ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു.
രോഗനിരീക്ഷണമേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, ടി.വി പുരം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ച് ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർവാഹനവകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയ്ക്ക് മൃഗസംരക്ഷണവകുപ്പിന് നിർദ്ദേശം നൽകി. രോഗനിരീക്ഷണമേഖലയിലെ പന്നിഫാമുകളിലും പന്നിവളർത്തൽ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. ഇതു സംബന്ധിച്ച് ബോധവത്ക്കരണം നൽകും.