ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് തുടർച്ചയായ മൂന്നാം തോൽവി.ഇന്നലെ ചെന്നൈയിൻ എഫ് സി ഏകപക്ഷീമായ ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്.
നേരത്തെ, ഒഡീഷയോടും പഞ്ചാബിനോടും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പ്രതിസന്ധിയിലായി. നിലവിൽ 15 മത്സരങ്ങളിൽനിന്ന് 26 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.81ാം മിനിറ്റിൽ ചെന്നൈയുടെ അങ്കിത് മുഖർജീ രണ്ടാം മഞ്ഞകാർഡ് വാങ്ങി പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് അവസരം മുതലെടുക്കാനായില്ല. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്‍റകോസ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.
ഡിസംബർ അവസാനം ഐഎസ്എൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയന്‍റ് പട്ടികയിൽ ഒന്നാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ടീം തോറ്റു. ചെന്നൈയുടെ ബോക്സിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കായില്ല. മത്സരത്തിനിടെ മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കേറ്റ് പുറത്തായതിനാൽ പകരം കരൺജീത് സിങ്ങാണ് ഗോൾവല കാത്തത്.