Kerala
കൊല്ലത്ത് പ്രേമചന്ദ്രൻ പ്രചാരണം തുടങ്ങി;പ്രധാന മന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത് മികവ് പുലർത്തുന്ന എംപി മാർക്കുള്ള സ്വീകരണം മാത്രം
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനുവേണ്ടി പ്രചാരണത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. അഞ്ചല്‍ മേഖലയിലാണ് ചുവരെഴുത്ത് തുടങ്ങിയത്.
അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടയിലാണ് ചുവരെരുഴുത്. മണ്ഡലത്തില്‍ വിവിധങ്ങളായ പ്രചാരണപ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. സിഎടിയു സംഘടനകള്‍ ജില്ലയിലെമ്പാടും പ്രകടനം നടത്തി പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. എംപി രാജിവെയ്ക്കണമെന്നാണ് ആവശ്യം.
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ ആണ് സിപിഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍ കെ പ്രേമചന്ദ്രന് വിശദീകരിച്ചു. കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന് അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു.
കൊല്ലം സീറ്റില്‍ ആര്‍എസ്പി തന്നെയാവും മത്സരിക്കുക. യു ഡി എഫ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തു. പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കും. കൊല്ലത്ത് മുന്‍ വര്‍ഷത്തെക്കാള്‍ തിളക്കമാര്‍ന്ന വിജയം ഇത്തവണ ഉണ്ടാകുമെന്നും എന്‍ കെ പ്രേമചന്ദ്രന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.