ചിങ്ങവനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മലകുന്നം, പൊടിപ്പാറ പള്ളി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ലാലിച്ചൻ ഔസേഫ് (52) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം കുറിച്ചി സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പൊടിപ്പാറ പള്ളി ഭാഗത്ത് വച്ച് രാത്രി 10:30 മണിയോടുകൂടി റോഡിലൂടെ നടന്നു വരികയായിരുന്ന യുവാവിനെ ഇവർ തടഞ്ഞുനിർത്തുകയും, മർദ്ദിക്കുകയും തുടർന്ന് കരിങ്കല്ലു കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. യുവാവ് ഇവരെ കളിയാക്കി എന്നതിന്റെ പേരിലായിരുന്നു ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്.ആർ, എസ്.ഐ സജീർ ഇ.എം, സി.പി.ഒ സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.