Kerala
പായയിൽ നിന്നും പ്ലാസ്റ്റിക് കസേരയിലേക്ക് പ്രതിപക്ഷ പ്രതിഷേധം;ഇ.എം.എസ് സഭയിൽ നിറഞ്ഞു നിന്ന ദിനം;ചൊള്ളാനിയും ;ബിനുവും ഇ എം എസ്സിൽ ഒന്നിച്ചു
പാലാ :പാലാ നഗരസഭാ കൗണ്സിലിന്റെ ബഡ്‌ജറ്റ് അവതരണ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷം ബഡ്‌ജറ്റ് പാസാക്കാൻ അനുവദിച്ചിരുന്നില്ല അതുകൊണ്ടു തന്നെ ചെയര്മാന് ബഡ്ജറ്റ് അവതരിപ്പിക്കേണ്ടിയും വന്നു.എന്നാൽ കൂർമ്മ ബുദ്ധികൊണ്ട് ഭരണപക്ഷം അതിനെ മറികടന്നു.ചെയർമാൻ ഷാജു തുരുത്തൻ ബഡ്‌ജറ്റ് സഭയിൽ അവതരിപ്പിച്ചതിന് ശേഷം വിശ ദവായനക്കായി വൈസ് ചെയർമാൻ ലീന സണ്ണിയെ ചുമതലപ്പെടുത്തി.അങ്ങനെയും ഒരു “ഹിക്ക് മത്ത്” ഉണ്ടെന്നുള്ള വിവരം കഴിഞ്ഞ വര്ഷം ഭരണ പക്ഷത്തിന് മനസ്സിലായിരുന്നില്ല.പോയ പുത്തി പിടിച്ചാൽ കിട്ടുമോ.അതുകൊണ്ടു വൈസ് ചെയർമാൻ സിജി പ്രസാദിന് അന്ന് ബഡ്ജറ്റ് വായിക്കാൻ കഴിഞ്ഞിരുന്നില്ല .ചെയർപേഴ്‌സണായ ജോസിൻ ബിനോ പാട്ടും പാടി ബഡ്‌ജറ്റ് അവതരിപ്പിക്കയുകയും ചെയ്തു .
എന്നാൽ മീനച്ചിലാറ്റിലൂടെ കുറെയേറെ വെള്ളം ഒഴുകി പോയി പ്രതിപക്ഷത്തിന്റെ സൗഭദ്രം എന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരൻ അടവുകൾക്കു മറു അടവുമായാണ് ഭരണ പക്ഷം എത്തിയത്.ബഡ്‌ജറ്റ് അവതരിപ്പിച്ച ചെയർമാൻ വിശദ വായനക്കായി വൈസ് ചെയർമാൻ ലീന സണ്ണിയെ ക്ഷണിച്ചു.ലീന സണ്ണി കൂഴ ചക്ക പഴത്തിന്റെ കുരു ഊഴിക്കുന്ന ലാഘവത്തോടെ ബഡ്‌ജറ്റ് ഒറ്റ ശ്വാസത്തിൽ അവതരിപ്പിച്ചു.ഇടയ്ക്കു തടസ്സങ്ങളോ വിക്കലോ വിറയലോ ഒന്നുമുണ്ടായില്ല.ഞാനിതൊക്കെ കുറെ കണ്ടതാ എന്ന ഭാവമായിരുന്നു അവർക്കപ്പോൾ.
പ്രതിപക്ഷത്തിന്റെ ഇരിപ്പിടം കൈയ്യേറിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ സിജി ടോണി; മായ രാഹുൽ;ലിജി ബിജു എന്നിവർ നേരത്തെ കരുതി കൊണ്ട് വന്ന പുൽ പായ സഭയുടെ നടുത്തളത്തിൽ വിരിച്ച് ഇരിപ്പു തുടങ്ങി.ഷാജു തുരുത്തൻ അനുനയത്തിൽ കൂടിയിട്ടും പ്രതിപക്ഷം വഴങ്ങിയില്ല .ബജറ്റിലുള്ള ചർച്ച ഉച്ചക്ക് ശേഷം തുടങ്ങിയപ്പോൾ പായ സമരത്തിൽ പ്രതിപക്ഷം വെള്ളം ചേർത്ത് സഭയുടെ നടുത്തളത്തിൽ പ്ലാസ്റ്റിക് കസേരയിലിരുന്നു പ്രതിഷേധിച്ചു.സഭയുടെ നടുത്തളത്തിൽ ഇരുന്നു രജിസ്റ്ററിൽ ഒപ്പിട്ടപ്പോൾ ഭരണപക്ഷത്തെ ബിജി ജോജോ യ്ക്ക് അത് പിടിച്ചില്ല.ഉടനെ അവർ ചാടി എണീറ്റ് ഒരു ക്രമ പ്രശ്നം ഉന്നയിച്ചു.അങ്ങനെ അവിടെയും ഇവിടെയും ഇരുന്നു ഒപ്പിടാമോ;അങ്ങനെയാണേൽ പത്രക്കാർക്കും ഒപ്പിടാമല്ലോ.ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ സെക്രട്ടറി പറയണം എന്ന് ബിജി ജോജോ ശഠിച്ചപ്പോൾ ചെയർമാൻ ഷാജു തുരുത്തൻ നിസ്സംഗ ഭാവത്തിലിരുന്നു.അത് കണ്ടപ്പോൾ സെക്രട്ടറിക്കും കാര്യം പിടികിട്ടി സെക്രട്ടറി ജൂഹി ഒന്നും കൂടി നിസ്സംഗ ഭാവത്തിലാണ്.ഇന്ന് സെക്രട്ടറിയും പലപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
കഴിഞ്ഞ ബഡ്ജറ്റിലെ ഇ എം എസ് സ്റ്റേഡിയത്തിനു ഈ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടില്ലെന്നു സതീഷ് ചൊള്ളാനി ആക്ഷേപിച്ചു.അതൊക്കെ പയ്യെ നമുക്കെല്ലാവർക്കും സഹകരിച്ച് പ്രവർത്തിച്ചു പണം അനുവദിപ്പിക്കാം സാറേ എന്നായി ഭരണ പക്ഷത്തെ ബിജി ജോജോ;ഉടനെ ചൊള്ളാനി തിരിച്ചടിച്ചു നിങ്ങളുടെ സഹകരണം ഒക്കെ ഈ രീതിയിലാണല്ലോ എന്ന് പ്ലാസ്റ്റിക് കസേർ ചൂണ്ടി കാട്ടി സതീഷ് ചൊള്ളാനി ചോദിച്ചപ്പോൾ ബിജിയും ചിരിക്കാൻ കൂടി .കൗണ്സിലര്മാര്ക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കും എന്ന് ബഡ്ജറ്റിൽ പറഞ്ഞതിനെ വി സി പ്രിൻസ് ഹാസ്യാത്മകമാക്കി വിമർശിച്ചു.ഇവിടെ ഞങ്ങൾക്ക് ഇരിപ്പിടം പോലും തന്നില്ല .പായ ഇട്ടാണ് ഞങ്ങൾ ഇരുന്നത്.അതിന്റെ കൂടെ തലയിണയും തരുമെന്നാണോ ബഡ്ജറ്റിൽ ഉദ്ദേശിച്ചത്.പാലാ അരമനയുടെ ഭാഗത്ത് മാലിന്യങ്ങൾ കിടക്കാൻ തുടങ്ങിയിട്ട് നാലുമാസമായി കണ്ടിജൻസി ജീവനക്കാരെ കൂടുതൽ നിയോഗിക്കണമെന്നും വി സി പ്രിൻസ് ആവശ്യപ്പെട്ടു.
ഇ എം എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് പണം നീക്കി വയ്ക്കാത്തതിൽ ഭരണപക്ഷത്തെ ബിനു കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.സെല്ഫ് ഗോൾ അടിക്കുന്നതിൽ മിടുക്കനായ ബിനു പാർട്ടി അച്ചടക്കത്തിന്റെ അതിര് വരമ്പിൽ നിന്ന് കൊണ്ടാണ് ഇ എം എസ് സ്തുതി പാടി കൊണ്ടിരുന്നത്.അതിൽ രണ്ടുണ്ട് ഗുണം.ഭരണപക്ഷത്തെ അടിക്കുകയും ചെയ്യാം.പക്കാ സിപിഎം കാർ തന്റെ പാർട്ടി കൂറിൽ സംശയിക്കുകയും ഇല്ല .സ്റ്റേഡിയത്തിന്റെ പ്രശ്നം ഒരു വിധത്തിൽ കടന്നു കിട്ടിയപ്പോൾ ദേ ഇ എം എസ്സിനെ പൊക്കി പിടിച്ച് വീണ്ടും ബിനു വരുന്നു.ഇ എം എസ് റൗണ്ടാന സഥാപിക്കാമെന്ന് സഭയുടെ തീരുമാനം പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി .മിനി സിവി സ്റ്റേഷൻ ജംഗ്‌ഷനിൽ ഇ എം എസ് റൗണ്ടാന സ്ഥാപിക്കാൻ എന്താണ് തടസ്സമെന്ന് ചോദിച്ചപ്പോൾ അവിടെ കെ എം മാണി പ്രതിമ സ്ഥാപിക്കാൻ നേരത്തെ ഉദ്ദേശിച്ചിരുന്ന മാണീ ഗ്രൂപ്പുകാർ തടസ്സങ്ങൾ പറഞ്ഞപ്പോൾ എന്നാൽ മരിയൻ ജംഗ്‌ഷന്‌യിൽ ഇ എം എസ് റൗണ്ടാന സ്ഥാപിക്കാമെന്നായി ബിനു.അവസാനം ഏതു സിപിഎം കാരന്റെയും നെഞ്ചു കോച്ചുന്ന ഒരു കാച്ച് അങ്ങ് കാച്ചി.ഇ എം എസ് എന്ന പേരായതുകൊണ്ട് റൗണ്ടാനയ്ക്കു നിങ്ങൾ തടസ്സം നിൽക്കരുത്.ഭരണപക്ഷം ഇഞ്ചി കടിച്ചപോലെ ആയെങ്കിലും ചമ്മൽ ഉള്ളിലൊതുക്കി ഉടൻ തന്നെ സ്ഥാപിക്കുമെന്ന് പറഞ്ഞു.
പിന്നെ വാസവനെ കേറി ഒരു പിടുത്തം പിടിച്ചു ഭരണ പക്ഷത്തെ ബിനു. .ബജറ്റിലെ രേഖയിൽ വേറെ പല രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തി പരാമര്ശിച്ചിട്ടുണ്ടെങ്കിലും സ്പോർട്സ് രംഗത്ത് മുൻസിപ്പൽ സ്റ്റേഡിയത്തിന് അനുഗുണമായ നിന്ന മന്ത്രി വി എൻ വാസവന്റെ പേര് പരാമര്ശിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .ബിനുവിന് സെല്ഫ് ഗോൾ അടിച്ചെന്ന സന്തോഷവും സിപിഎം നേതാക്കളെ വിശ്വാസത്തിലെടുക്കുകയും ചെയ്യാം എന്ന ഗുണവും ഒരുമിച്ചു ലഭിച്ചു.ഏതായാലും സ്വർണ്ണം കൊണ്ടുള്ള പാരയായാലും കുത്തു കിട്ടിയാൽ ആള് പോക്കാ എന്ന മാതിരിയായി ഭരണപക്ഷവും. ചർച്ച യിൽ സിജി പ്രസാദ് ;ബിജി ജോജോ ;ഷീബ ടീച്ചർ;സിജി ടോണി;മായാ രാഹുൽ; സാവിയോ കാവുകാട്ട്;തോമസ് പീറ്റർ;ബൈജു കൊല്ലമ്പറമ്പിൽ ;ആന്റോ പടിഞ്ഞാറേക്കര;വി സി പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ