Kerala

കേരളത്തിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവെക്കണം:കത്തോലിക്കാ കോൺഗ്രസ്

Posted on

 

പാലാ . കേരളത്തിൽ നിരന്തരമായി ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട വനം വകുപ്പ് മന്ത്രി രാജിവെക്കണം എന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആവശ്യപ്പെട്ടു. മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാട്ടു മൃഗങ്ങളുടെ ആക്രമണം കേരളത്തിൽ തുടർക്കഥയായി മാറുകയും നിരവധി ജീവനുകൾ പൊലിയുകയും ചെയ്തിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം മാനന്തവാടിയിൽ ആക്രമിച്ച കാട്ടാനയിൽ വീഡിയോകോളർ ഘടിപ്പിച്ചിരുന്നതാണ്. കർണാടക സർക്കാരിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും കേരള അതിർത്തി കടന്നുവന്ന് ആളെ കൊലപ്പെടുത്തിയ സാഹചര്യം വനംവകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ പ്രതിഫലനമാണ്. വന്യജീവി അക്രമണം തടയുന്നതിന് തുച്ഛമായ തുകയാണ് ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. ആള് കൊല്ലപ്പെട്ട ശേഷം സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് കൊണ്ടോ ജോലി കൊടുത്തത് കൊണ്ടോ ആളുകളുടെ ജീവന് പകരം ആകുന്നില്ല എന്ന സത്യം സർക്കാർ മനസ്സിലാക്കണം.

ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകൾ കടുത്ത പ്രതിഷേധാർഹമാണ്. കാർഷിക മേഖലയിലെ പ്രശ്നങ്ങളിലെല്ലാം സർക്കാർ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. റബറിന് 250 രൂപ വില നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത സർക്കാർ നാമമാത്രമായ പത്ത് രൂപയുടെ വർദ്ധനവാണ് ഈ ബഡ്ജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ ബഡ്ജറ്റിൽ 600 കോടിയോളം രൂപ വകയിരുത്തിയിട്ട് 20 കോടി രൂപ മാത്രമാണ് കർഷകർക്ക് വിതരണം ചെയ്തത് . ബഡ്ജറ്റ് പ്രഖ്യാപനങ്ങളും നടപ്പിലാക്കുന്നതും തമ്മിലുള്ള അന്തരം പൊള്ളയായ സർക്കാർ നയങ്ങളെയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്.

സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ , ജോൺസൺ വീട്ടിയാങ്കൽ, സാജു അലക്സ് , എം എം ജേക്കബ്, ജോയി കണിപറമ്പിൽ , സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം ജോർജ് , പയസ് കവളംമാക്കൽ, സണ്ണി മാന്തറ, , സിന്ധു ജയബു, ടോമി കണ്ണീറ്റുമ്യലിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version