കോട്ടയം :പാലാ: അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച് ശമ്പള സ്കെയിൽ നിശ്ചയിക്കണമെന്ന് പാലായിൽ സമാപിച്ച അങ്കണ വാടി സ്റ്റാഫ് അസോസിയേഷൻ പത്താം സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.
ജീവനക്കാർക്ക് നിലവിൽ ഓണറേറിയമാണ് പ്രതിഫലമായി നൽകുന്നത്. ഐ.സി.ഡി.എസ്. പദ്ധതി തുടങ്ങി അര നൂറ്റാണ്ടായിട്ട് കേന്ദ്ര സർക്കാർ അങ്കണവാടി വർക്കർക്കും ഹെൽപ്പർ ക്കും നൽകുന്ന വേതനം യഥാക്രമം 4500 രൂപയും 2250 രൂപയും മാത്രമാണ്. ക്ലാസ് – 3 വിഭാഗം ജീവനക്കാരുടെ പരിധിയിൽ ഉൾപ്പെടുത്തു ക, വിരമിച്ച ജീവനക്കാരുടെ പെൻഷൻ 5000 രൂപയായി ഉയർത്തുക, ജോലിഭാരം ലഘൂകരിക്കുക, ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക, ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ബി.രേണുക പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികളായി കെ.എസ്.രമേഷ് ബാബു (പ്രസിഡന്റ്), ഷാലിതോ മസ് (വർക്കിംഗ് പ്രസി.), ബിൻസി ജോസഫ് (ജന.സെക്ര.), ടി.പി. ബീന, എം.ലളിതാമണി (വൈസ് പ്രസി.) വി. ഓമന, മിനി സെബാസ്റ്റ്യൻ (സെക്രട്ടറിമാർ ), പൊന്നമ്മ തങ്കച്ചൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.