പൈക: ബസ് യാത്രാ സൗകര്യമില്ലാത്ത മീനച്ചിൽ പഞ്ചായത്തിലെ ഗ്രാമ പാതകളിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം നൽകി മീനച്ചിൽ ഗ്രാമ പഞ്ചായത്ത്.
കെ.എസ്.ആർ.ടി.സിയുടെ “ഗ്രാമ വണ്ടി” പദ്ധതിയിലൂടെ മീനച്ചിൽ പഞ്ചായത്തിലെ ഭൂരിഭാഗം ഗ്രാമീണ പാതകളെയും പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാണ് ഗ്രാമ വണ്ടി സർവ്വീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഓർഡിനറി നിരക്ക് മാത്രം നൽകി യാത്ര ചെയ്യാം.
കോവിഡിനുശേഷം പ്രധാന റോഡുകളിലേക്ക് മാത്രമായി ബസ് സർവ്വീസുകൾ ചുരുക്കിയത് ഈ പ്രദേശങ്ങളിലുള്ളവരെ വളരെ ബുദ്ധിമുട്ടിലാക്കി. പലരും സ്വകാര്യ വാഹനങ്ങൾ വാങ്ങി . വാഹനം വാങ്ങുവാൻ ശേഷിയില്ലാത്തവർ കി.മീ.കൾ നടന്ന് വലയേണ്ടി വരുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തും റോഡുകളിലെ സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പുതിയ ഗതാഗത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പൊതുഗതാഗതം പ്രയോജനപ്പെടുത്തുവാൻ യാത്രക്കാരെ പ്രേരിപ്പിക്കുക കൂടിയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച കരാർ കെ.എസ്.ആർ.ടി.സി എ റ്റി ഒ എ റ്റി ഷിബുവും പഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫും ഒപ്പുവച്ചു.
കാൽനടയാത്രയെ ആശ്രയിക്കുന്ന നൂറു കണക്കായ യാത്രക്കാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് വളരെ പ്രയാജനപ്പെടുന്ന ഗ്രാമ വണ്ടി പദ്ധതി നടപ്പാക്കുന്നതെന്ന് മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി പറഞ്ഞു.
പദ്ധതി വിജയിച്ചാൽ കൂടുതൽ ബസുകൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന ചിലവ് പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകണം. അടുത്ത ആഴ്ച അവസാനത്തോടെ സർവ്വീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടിയുടെ റൂട്ടുകളും സമയക്രമവും ഉടൻ തീരുമാനിക്കുമെന്ന് സാജോപൂവത്താനി പറഞ്ഞു.
ഗ്രാമീണ യാത്രക്കാർക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാക്കും വിധം മീനച്ചിൽ പഞ്ചായത്ത് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് നടപ്പാക്കുന്ന ഗ്രാമ വണ്ടി ബസ് യാത്രാ സൗകര്യം വിപ്ലവകരമായ നടപടിയാണെന്നും മറ്റു പഞ്ചായത്തുകൾക്കും ഈ പദ്ധതി മാതൃകയാണെന്നും കെ.എസ്.ആർ.ടി.സി അഡ്വൈസറി ബോർഡ് അംഗം ജയ് സൺ മാന്തോട്ടം പറഞ്ഞു. ജനകീയ ആവശ്യം നടപ്പാക്കിയ മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയെ അദ്ദേഹം അഭിനന്ദിച്ചു: