ഇടുക്കി: അടിമാലിയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. സി.പി.എം പ്രാദേശിക നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പെൻഷൻ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാക്കൾ ഉറപ്പു നൽകി. പെൻഷൻ ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ശിവദാസനും ഓമനയും പറഞ്ഞു.
ഭിന്നശേഷിക്കാരിയായ ഓമനയും ഭർത്താവ് ശിവദാസുമാണ് അടിമാലിയിലെ പെട്ടിക്കടക്ക് മുന്നിൽ ദയാവധത്തിന് തയ്യാർ എന്ന ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുളമാൻകുഴി ആദിവാസി കോളനിയിൽ സ്ഥലമുണ്ടെങ്കിലും കാർഷികവിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചതോടെ ഇരുവരും അവിടെ നിന്ന് പടിയിറങ്ങി. പഞ്ചായത്ത് നൽകിയ പെട്ടിക്കടയിൽ തന്നെയാണ് ഇവരുടെ താമസം.
അതേസമയം സി.പി.എം നേതാക്കൾ നേരിട്ട് എത്തി ദമ്പതികള്‍ക്ക് ആയിരം രൂപയും കൈമാറി. മുടങ്ങിയ പെൻഷൻ കിട്ടുന്നത് വരെ മാസം തോറും 1600 രൂപ വീതം നൽകുമെന്നാണ് യൂത്ത് കോൺഗ്രസ് വാഗ്ദാനം. ബി.ജെ.പി പ്രവർത്തകർ ഒരു മാസത്തെ പെൻഷനും അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റും നൽകി.