കോഴിക്കോട് : കോന്നാട് ബീച്ചില്‍ യുവതി, യുവാക്കളെ ചൂലുകൊണ്ടടിക്കുമെന്ന ഭീഷണിയുമായി ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍. ബിജെപി വെസ്റ്റ് ഹില്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധത്തിന്റെ പേരിലുള്ള അതിക്രമം.ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. കോന്നാട് ബീച്ച് ലഹരിസംഘങ്ങളുടെ പിടിയിലാണെന്നും അതിനെതിരെ ബോധവത്കരണമാണ് ഉദ്ദേശിച്ചതുമെന്നാണ് സംഭവത്തില്‍ ബിജെപി വനിതാ നേതാക്കളുടെ വിശദീകരണം.
എന്നാല്‍ ചൂലുമായെത്തിയ വനിതാ പ്രവര്‍ത്തകര്‍ വൈകിട്ട് ബീച്ചിലെത്തിയ യുവതി, യുവാക്കളുടെ അടുത്തെത്തുകയും സദാചാര പൊലീസ് ചമയുകയുമായിരുന്നു. ബീച്ചില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളോട് ബീച്ചില്‍ നിന്ന് പോകാന്‍ ബീജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ചൂല് ഉയര്‍ത്തിക്കാട്ടി ഉടന്‍ ഇവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ അതിനെ ചോദ്യം ചെയ്തു. ഇവരെ ബിജെപി വനിതാ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ഇനി ഇങ്ങോട്ട് വന്നാല്‍ ചൂലുകൊണ്ട് അടിച്ചോടിക്കുമെന്ന് പറയുകയും ചെയ്തു. നാളെയും സമാനരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ബിജെപി വനിതാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.