Crime
കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്ക് ;തെയ്യക്കോലം കെട്ടിയ ആളെ നാട്ടുകാർ പഞ്ഞിക്കിട്ടു
കണ്ണൂർ : തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ് കൈവിട്ടുപോയത്. പേടിച്ചോടിയ ഒരു കുട്ടിയ്ക്ക് വീണു പരിക്കേറ്റു. തുടർന്ന് നാട്ടുകാരിൽ ഒരു വിഭാഗം തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.
പൊലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആർക്കും പരാതിയുമില്ല. അതുകൊണ്ട് സംഭവത്തിൽ കേസ് എടുത്തിട്ടില്ല. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.