Kottayam
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു
കോട്ടയം : പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് റെജി ഷാജി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. 17.53 കോടി രൂപ വരവും 17.03 കോടി രൂപ ചിലവും 49.80 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിട മേഖലയിൽ പ്രത്യേക പരിഗണന നൽകി 1.30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജല ജീവൻ മിഷൻ ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾക്കായി 47 ലക്ഷം, കാർഷിക മേഖലയിലെ പദ്ധതികൾക്കായി 12.20 ലക്ഷം, മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്കായി 59.53 ലക്ഷം, വനിതാ സംരംഭങ്ങൾക്കായി 16.80 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമം, വിദ്യാഭ്യാസം, മാലിന്യനിർമാർജനം, പശ്ചാത്തല വികസനം, സദ്ഭരണം, വൈദ്യുതീകരണം,
സ്‌പോർട്‌സ്, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പദ്ധതികൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ മേഖലകൾക്കെല്ലാം മുൻഗണന നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗങ്ങളായ എം. കെ അനിൽകുമാർ, മിനി മോൾ ബിജു റോജി തോമസ്, രാജമ്മ ഗോപിനാഥ്, സജിമോൻ മാത്യു, ആനിയമ്മ സണ്ണി, ബീന മധുമോൻ, പി.ജി. ജനാർദ്ദനൻ , നിഷ സാനു, സജി സിബി, സെക്രട്ടറി റ്റി. ജി തോമസ് എന്നിവർ പങ്കെടുത്തു.