കോട്ടയം : റബ്ബറിന്റെ താങ്ങ് വില 250 രൂപയാക്കുമെന്ന് 2021 ലെ അസംബളി ഇലക്ഷൻ സമയത്ത് എല്ഡിഎഫിന്റെ പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം റബ്ബർ കർഷകരുടെ വോട്ട് തട്ടിയെടുക്കുന്നതിനുള്ള കബളിപ്പിക്കലായിരുന്നുവെന്നു ഇന്ന് റബ്ബർ കർഷകർ തിരിച്ചറിയുന്നു. ഇലക്ഷൻ മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല വോട്ട് തട്ടിയെടുക്കാനുള്ളതട്ടിപ്പിന്റെ ഭാഗമാണ് എന്ന് കർഷക സമൂഹത്തെ ബോധ്യപ്പെടുത്തിയ ബഡ്ജറ്റ് ആണിത്. വെറും 10 രൂപ മാത്രം പിച്ചക്കാശ് പോലെ വർദ്ധിപ്പിച്ച സർക്കാർ നിലപാട് റബ്ബർ കർഷകരെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേർഷ്സ് സൊസൈറ്റി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
2011ൽ 25 സെന്റ് സ്ഥലത്തിന് വസ്തുനികുതി 11 രൂപആയിരുന്നു.2022 ൽ അത് 88 രൂപയായി നികുതി വർധിപ്പിച്ചു.ഈ വർദ്ധനവ് പോലെ കർഷകന്റെ വരുമാനം ഉറപ്പ് വരുത്താൻ സർക്കാർ എന്ത് ചെയ്യിതു?? 2011 ൽ റബ്ബർ വില 245 രൂപ 2024 ൽ 160 രൂപയായി കൂപ്പുകുത്തി.റബ്ബർ കർഷക മേഖല തകർച്ചയിലാണ് എന്നറിഞ്ഞു സമാശ്വാസ നടപടികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നില്ല.
2015 ലെ യുഡിഫ് സർക്കാരിന്റെ കാലത്ത് മുൻ ധനകാര്യ മന്ത്രി ശ്രീ കെ എം മാണി തുടങ്ങിവച്ച റബർ പ്രോഡക്ഷൻ ഇൻസെന്റീവ് സ്കീം ന്യായവില ലഭിക്കാതെ വലയുന്ന റബ്ബർ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു. ആദ്യം വർഷം തോറും 500 കോടി വച്ചും പിന്നീട് 2023 മുതൽ 600കോടിയും ബഡ്ജറ്റിൽ ആകെ 4600 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.എന്നാൽ കർഷകർക്ക് കൊടുത്തത് 1993 കോടി മാത്രമാണ്. 2021 -22 വർഷം വെറും 20 കോടി മാത്രമേ കൊടുക്കേണ്ടി വന്നുള്ളു. 2015 -2016 ൽ 270 കോടി 2016-2017 ൽ 410 കോടി 2017-2018 ൽ 228 കോടി 2018 -2019 ൽ 358 കോടി 2019 -2020 ൽ 218 കോടി 2020- 2021ൽ 269 കോടി 2021 – 2022 വർഷം വെറും 20 കോടി 2022 – 2023ൽ 58 കോടി 2023-2024 ൽ 161കോടി.
ഇതിൽ 2600 കോടി രൂപ കർഷകർക്ക് കൊടുക്കാതെ കിടപ്പുണ്ട്. ഈ തുകയുപയോഗിച്ച് പ്രകടന പത്രികയിലെ വാഗ്ദാനമായ റബ്ബർ വില 250 രൂപ എന്നത് നിഷ്പ്രയാസം നടപ്പാക്കാൻ സാധിക്കുമായിരുന്നു. കർഷക വിരുദ്ധത മുഖമായദ്രയാക്കിയ ഇടത് സർക്കാരിൽ നിന്നും നീതി ലഭിക്കില്ല എന്നത് വീണ്ടും വ്യക്തമാക്കിത്തന്ന ബഡ്ജറ്റ് ആണിത്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്ന നിലപാടുകൾ തുടരുന്നതിനാൽ വരുന്ന ലോകസഭാ ഇലക്ഷനിൽ കർഷക വികാരം പ്രതിഫലിക്കുന്ന രീതിയിൽ കർഷക വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് തീരുമാനിച്ചു.
യോഗത്തിൽ നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് (എൻ എഫ് ആർ പി സ് )ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ചു. താഷ്കന്റ് പൈകട , പ്രദീപ് കുമാർ പി മാർത്താണ്ഡം, ഡി സദാനന്ദൻ ചക്കുവരക്കൽ കൊട്ടാരക്കര, രാജൻ ഫിലിപ്സ് കർണാടക, ജോയി കുര്യൻ കോഴിക്കോട്, ശ്രീ.പി. കെ കുര്യാക്കോസ് ശ്രീകണ്ടാപുരം, ജോർജ്കുട്ടി മങ്ങാട്ട് കോതമംഗലം, കെ.പി.പി.നമ്പ്യാർ തലശ്ശേരി, ഹരിദാസ് മണ്ണാർക്കാട് സി. എം. സെബാസ്റ്റ്യൻ ചാമക്കാലായിൽ കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു.