പാലാ: തുടർനടപടികൾ നിലച്ചതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ മന്ദീഭവിച്ച പാലാ ജനറൽ ആശുപത്രി റോഡ് വികസനത്തിന് വീണ്ടും പച്ചക്കൊടി.
കെ.എം.മാണി ധന കാര്യ മന്ത്രി ആയിരുന്നപ്പോൾ ഭൂമി ഏറ്റെടുക്കലിനും റോഡ് നിർമ്മാണത്തിനുമായി 3.5 കോടിയുടെ ഭരണാനുമതി നൽകുകയും സർവ്വേ നടത്തി ഏറ്റെടുക്കാനുള്ള സ്ഥലത്തിൻ്റെ അതിർത്തി കല്ലിട്ട് തിരിക്കുകയും ചെയ്തിരുന്നു.
ചില ഭൂഉടമകളുടെ എതിർപ്പിനെ തുടർന്ന് തുടർ നട പടികൾ നിലയ്ക്കുകയായിരുന്നു. ഏറ്റുമാനൂർ – പാലാ സംസ്ഥാന പാതയേയും – പാലാ ബൈപാസിനേയും ബന്ധിപ്പിക്കുന്ന നഗരമദ്ധ്യത്തിലെ ഈ റോഡിന് ഇരു നിര വാഹന ഗതാഗതത്തിന് ആവശ്യമായ വീതിയില്ലാത്തത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ആശുപത്രി കാഷ്വാലിറ്റിയിലേക്ക് സുഗമമായി കയറി ഇറങ്ങുവാൻ തടസ്സമുണ്ട്.
വാട്ടർ അതോറിട്ടി ഓഫീസുകൾ, ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ, പൊതുസ്മശാനം, ഹോമിയോ ആശുപത്രി, അരാധനാലയം, ആഡിറ്റോറിയം എല്ലാം ഈ റോഡിൻ്റെ ഓരത്താണുള്ളത്.റോഡ് വീതി കുട്ടി നിർമ്മിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റിയും ജില്ലാ വികസന സമിതിയും തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിരുന്നു. ബജറ്റിൽ ഉൾപ്പെടുത്തപ്പെട്ടതോടെ തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്ന് മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം പറഞ്ഞു.