കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട, അരുവിത്തുറ തെക്കേക്കര ഭാഗത്ത് അൻസാർ അസീസ് (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒന്‍പതാം തീയതി വൈകുന്നേരത്തോടുകൂടി കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ വച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് മുൻപോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ബസ്സുകാരുമായി വാക്കുതർക്കം ഉണ്ടാവുകയും, ഈ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഇയാളും സുഹൃത്തുക്കളും ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതിനുശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അബ്ദുൾ റഫീക്ക്, ആഷിദ് യൂസഫ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ കൂടി ഇപ്പോൾ പോലീസിന്റെ പിടിയിലാവുന്നത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ എം.എസ്, എസ്.ഐ ജിൻസൺ ഡൊമിനിക്,സിപിഎം മാരായ ബിനു വിമൽ അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.