പാമ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീർ (36) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടില്‍ വച്ച് പ്രായപൂർത്തിയാകാത്ത തന്റെ കുട്ടിയെ ഉപദ്രവിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞദിവസം കുടുംബപരമായ പ്രശ്നത്തെ തുടർന്ന് ഇയാള്‍ തന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഇവരുടെ നിലവിളി കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടി ഉറക്കമുണർന്ന് നിലവിളിക്കുകയും, തുടർന്ന് ഇയാൾ ഈ കുട്ടിയെ എടുത്തു പൊക്കി തറയിൽ എറിയാനും, മുഖത്ത് ഇടിക്കാനും ശ്രമിക്കുന്നതിനിടയിൽ കുട്ടിയുടെ മാതാവ് തടയുകയായിരുന്നു.
ഇവർക്കിടയിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണകുമാർ, എസ്.ഐ മാരായ ശ്രീരംഗൻ, കോളിൻസ് എം.ബി, സുദൻ, സി.പി.ഓ മാരായ സുമിഷ് മാക്മില്ലൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.