Kottayam

മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Posted on

തിരുവനന്തപുരം : മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകൾക്ക് എതിരായ ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘‘എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപ് പറഞ്ഞതൊന്നും നമ്മളെ ഏശില്ല’’– മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലുളള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്‍റെ പാതയിലാണ്. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വർഗീയവത്ക്കരണത്തിന്‍റെ വക്താക്കളെ നാമനിര്‍ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന ബഹുമാന്യന്‍ തുനിഞ്ഞത്. ഇതിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഒരുമിച്ച് ചേരാന്‍ നിങ്ങള്‍ക്ക് എന്താണ് മടി? സ്വന്തമായിട്ടെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നിങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version