തിരുവല്ല :പിട്ടാപ്പിള്ളിൽ ഏജൻസിയ്ക്ക് കിട്ടിയത് വമ്പൻ പണി; 66500 രൂപയ്ക്ക് പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്നും വാങ്ങിയ ടിവി 10 മാസം കഴിഞ്ഞപ്പോൾ കേടായി ; വാറന്റി കാലാവധി കഴിയാത്തതിനാൽ ഏജൻസീയെ സമീപിച്ചെങ്കിലും മാറ്റി നൽകിയില്ല ; ഒടുവിൽ ടിവിയുടെ വിലയും നഷ്ടപരിഹാരമായി 10000 രൂപയും കോടതി ചെലവ് 5000 രൂപയും ഉപഭോക്താവിന് നൽകാൻ ഉത്തരവിട്ട് കൺസ്യൂമർ കോടതി
വലിയ വില കൊടുത്ത് വാങ്ങിയ സ്മാർട്ട് ടിവി വാറന്റി കാലാവധിക്കുള്ളിൽ കേടായിട്ടും തകരാർ പരിഹരിച്ച് നൽകിയില്ലെന്ന പരാതിയിൽ തിരുവല്ല പിട്ടാപ്പിള്ളിൽ ഏജന്സീസിനും സാംസങ് കമ്പനിക്കുമെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി. തോണിപ്പുഴ കുറിയന്നൂർ പുത്തേത്തു വീട്ടിൽ പിസി മാത്യു നൽകിയ പരാതിയിലാണ് നടപടി. ടിവിയുടെ തുകയും നഷ്ടപരിഹാരവും കോടതി ചിലവും ചേർത്ത് 81,500 രൂപ പരാതിക്കാരന് സാംസങ് കമ്പനിയും പിട്ടാപ്പിള്ളിൽ ഏജൻസീസും നൽകണമെന്നാണ് വിധി.
2021 സെപ്റ്റംബർ 12ന് മാത്യു തിരുവല്ല പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിന്നും 66500 രൂപ നൽകി സാംസങ് കമ്പനിയുടെ ഒരു ടിവി വാങ്ങിയിരുന്നു. 10 മാസം കഴിഞ്ഞപ്പോൾ ടിവി കേടായി. വാറന്റി കാലാവധി കഴിയാത്തതിനാൽ മാത്യു ടിവി നന്നാക്കിത്തരാൻ പിട്ടാപ്പള്ളിൽ ഏജൻസീസിനെയും സാംസങ് കമ്പിനയേയും സമീപിച്ചു. എന്നാൽ ടിവിയുടെ തകരാർ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഇരു കൂട്ടരും വാക്ക് പാലിച്ചില്ല. ഇതോടെയാണ് മാത്യു പത്തംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുന്നത്. പരാതി സ്വീകരിച്ച കമ്മീഷൻ ഇരുകൂട്ടർക്കും നോട്ടീസ് അയച്ചു.
പിട്ടാപ്പള്ളിൽ ഏജൻസീസും സാംസങ് കമ്പിനയും തങ്ങളുടെ വിശദീകരണം അറിയിച്ചെങ്കിലും ടിവി വാറണ്ടി സമയത്തു തന്നെ കേടായിട്ടും നന്നാക്കി കൊടുക്കാത്തത് എതിർ കക്ഷികളുടെ പിഴവാണെന്ന് കമ്മീഷൻ കണ്ടെത്തി. തുടർന്ന് പഴയ ടിവിക്ക് പകരം അതേ കമ്പനിയുടെ പുതിയ ടിവി മാത്യുവിന് നൽകണമെന്നും, ടിവി മാറി കൊടുക്കുന്നില്ലെങ്കിൽ ഒരു മാസത്തിനകം ടിവിയുടെ വിലയായ 66500 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും 5000 രൂപ കോടതി ചെലവും ചേർത്ത് 81500 രൂപ ഇരു കക്ഷികളും ചേർന്ന് ഹർദിക്കാരന് നൽകണമെന്ന് കമ്മീഷൻ വിധി പ്രസ്താവിക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് പരാതി തീർപ്പാക്കിയത്.