Health
ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു:ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത് കോവിഡ് തരംഗത്തിലേക്ക് പോകുമോയെന്ന ആശങ്കയിലാണ് വിദഗ്ധർ.
ജെ.എൻ.1 എന്ന വകഭേദമാണ് കുത്തനെ ഉയരുന്ന കോവിഡ് കേസുകൾക്ക് പിന്നിലെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബർ മുതൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെയോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗം വിസിറ്റിങ് പ്രൊഫസറായ നൊറിയോ സുഗായ പറഞ്ഞു.
നിലവിൽ ലോകത്തെ പലഭാഗങ്ങളിലുമുള്ള കോവിഡ് വർധനവിനു പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. ജെ.എൻ.1-ന് പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്. ജപ്പാനിലെ നിലവിലെ സാഹചര്യത്തെ പത്താംതരംഗമായി നിർവചിക്കാം. രോഗബാധിതരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് ഭയപ്പെടുന്നത്, സുഗായ പറയുന്നു.
പുതിയ കേസുകളിൽ ഏറിയ പങ്കിനും പിന്നിൽ ജെ.എൻ.1 വകഭേദമാണെന്നും വിദഗ്ധർ പറയുന്നു.
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന് അടുത്തിടെ സി.ഡി.സി.(Centers for Disease Control and Prevention) വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജെഎൻ.1 മൂലം ആശുപത്രിവാസം കൂടുന്നില്ലെങ്കിലും ലോങ് കോവിഡ് പോലുള്ളവയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ തന്നെ വലിയരീതിയിൽ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർഗങ്ങളുമൊക്കെ പാലിക്കുകവഴി ജെഎൻ.1-നെ പ്രതിരോധിക്കാനാവുമെന്ന് സി.ഡി.സി. പറയുന്നു.
ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ഒമിക്രോണിന്റെ ഉപവകഭേദമായ ജെ.എൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് ചൈനയിലും ഈ വകഭേദം വിവിധയാളുകളിൽ സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ അമേരിക്ക, യു.കെ, ഐസ്ലൻഡ്, സ്പെയിൻ, പോർച്ചുഗൽ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ ജെ.എൻ.1 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മുപ്പത്തിയെട്ട് രാജ്യങ്ങളിൽ ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
തീരെ ചെറിയ ലക്ഷണങ്ങളിൽത്തുടങ്ങി മിതമായ രീതിയിലുള്ളവ വരെയാണ് ജെഎൻ.വൺ വകഭേദത്തിൽ പ്രത്യക്ഷമാകുന്നതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരോഗികളിൽ വളരെ ലളിതമായ ശ്വസനേന്ദ്രിയ രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ ഭേദമാകാറുമുണ്ട്.
ഇവകൂടാതെ ചില പുതിയ ലക്ഷണങ്ങളും ഈ വകഭേദത്തിനൊപ്പം കാണുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വിശപ്പില്ലായ്മ, തുടർച്ചയായ മനംപുരട്ടൽ തുടങ്ങിയവ അതിൽ ചിലതാണ്. കൂടാതെ അമിതമായ ക്ഷീണം, പേശികളുടെ ക്ഷയം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മറ്റു കോവിഡ് വകഭേദങ്ങളേക്കാൾ ക്ഷീണം തോന്നാമെന്നും ചെറിയ ജോലികൾ ചെയ്യുമ്പോൾപോലും അനുഭവപ്പെടുന്ന തളർച്ചയും കാണാമെന്നും പറയുന്നു.
ചില പ്രത്യേകസാഹചര്യങ്ങളിൽ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാം. ഇത് ദഹനവ്യവസ്ഥയെ ബാധിച്ചേക്കാം. ഛർദി, ഓക്കാനം തുടങ്ങിയവ ഇവരിൽ പ്രകടമാകും.മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ജെഎൻ.1-ന് വ്യാപനശേഷി കൂടുതലായിരിക്കുമെന്നാണ് സി.ഡി.സി.(Centers for Disease Control and Prevention)യും വ്യക്തമാക്കുന്നത്.