Kerala

നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ;രക്ഷാ പ്രവർത്തനം ശ്രദ്ധയിൽ പെട്ടിട്ടില്ല

ആലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗണ്‍മാന്‍ ആരെയെങ്കിലും മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഈ കേസിൽ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് സഭയിൽ എത്തിയിരുന്നു.

സംസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന സമരങ്ങളിൽ പങ്കെടുത്തവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം അതിക്രൂരമായി മർദിച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇതു ഗൗരവമായി കാണുന്നുണ്ടോ എന്നായിരുന്നു ഉമ തോമസ്, കെ.ബാബു, ടി.സിദ്ദിഖ്, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാരുടെ ചോദ്യം. നവകേരള സദസ്സിന്റെ തുടക്കം മുതൽ ചില യുവജന സംഘടനകൾ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ സഞ്ചരിച്ച വാഹനങ്ങളെ തടസ്സപ്പെടുത്തിയതും വാഹനത്തിനുനേരെ അക്രമങ്ങൾ സംഘടിപ്പിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ജനാധിപത്യപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. ഇത്തര പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നവരെ ലാത്തികൊണ്ട് തലയ്ക്കടിക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടോയെന്നും പ്രതിപക്ഷ എംഎൽഎമാർ ചോദിച്ചു.

അതീവ സുരക്ഷ നിഷ്കർഷിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും വാഹനവ്യൂഹത്തിലേക്ക് പ്രതിഷേധക്കാർ നീങ്ങുന്നതും അവരുടെ ജീവനുതന്നെ അപകടം സംഭവിക്കുന്ന വിധത്തിൽ പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്യുന്ന അവസരത്തിൽ, 2021 ജൂൺ 2ന് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച നിർ‌ദേശപ്രകാരം സംരക്ഷിത വ്യക്തിയുടെ അടുത്തേക്ക് അനധികൃതമായി നീങ്ങുന്നവരെ തടഞ്ഞ് സുരക്ഷ ഉറപ്പാക്കേണ്ടതു പേർസണൽ സെക്യൂരിറ്റി ഓഫിസറുടെ ചുമതലകളിൽപ്പെടുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top