കോട്ടയം :പാലാ :പാലാ നഗരസഭയിലെ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലി ചർച്ചകൾ ആരംഭിച്ചിട്ടില്ല; മറിച്ചുള്ള പ്രചാരണങ്ങൾ കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന യുഡിഎഫിൽ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്.
പാലാ നഗരസഭയിൽ മൂന്നാം തീയതി നടക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി മത്സരിക്കുന്ന സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഇതുവരെ കൈകൊണ്ടിട്ടില്ല. മുന്നണിയോഗം ചേർന്ന് വിശദമായ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. മറിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാർത്തകളാണ്.
കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന യുഡിഎഫിൽ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള സ്ഥാപിത താല്പര്യമാണ് അടിസ്ഥാനരഹിതങ്ങളായ വാർത്തകൾ പ്രചരിക്കുന്നതിനുള്ള കാരണം. കേരളത്തിലെ തന്നെ ഏറ്റവും നിലവാരമില്ലാത്ത ഭരണസമിതിയാണ് പാലായിലെ നഗരഭരണം നടത്തുന്ന ഇടത് ഭരണസമിതി. ഈ ഭരണസമിതിയുടെ കൊള്ളരുതായ്മകൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്ന യുഡിഎഫിനെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചരണങ്ങൾ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണ്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ യുഡിഎഫ് വീഴില്ല എന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനുമായ എൻ സുരേഷ് വ്യക്തമാക്കി.