India
ഇന്ത്യന്‍ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്
റിപ്പബ്ലിക്ക് ദിന പരേഡിന് ഡൽഹിയിലെ കർത്തവ്യപഥിൽ പരിസമാപ്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരേഡിന് സാക്ഷികളായി.
രാഷ്ട്രപതി പതാക ഉയർത്തിയ ശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു.
ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. ഏറ്റവുമൊടുവിൽ നടന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.