നമ്മളിൽ പലരും സ്ഥിരമായി കുടിക്കുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങൾ നൽകുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനായാണ് ഗ്രീൻ ടീ അധികം പേരും കുടിക്കുന്നത്. പോളിഫെനോൾസ് എന്ന് സംയുക്തം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ ആന്റിഓക്‌സിഡന്റ് സംയുക്തം വൈവിധ്യമാർന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്നു.
ഗ്രീൻ ടീയിലെ പ്രധാന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഫ്ലേവനോയ്ഡുകളാണ്. ഏറ്റവും ശക്തമായ കാറ്റെച്ചിൻസ്, എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്നിവയാണ്. ഗ്രീൻ ടീയിൽ കഫീൻ ഉൾപ്പെടെ നിരവധി പ്രകൃതിദത്ത ഉത്തേജകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഗ്രീൻ ടീ അമിനോ ആസിഡായ എൽ-തിയനൈനിന്റെ ഉറവിടമാണ്. ഗ്രീൻ ടീയിലെ ഗുണം ചെയ്യുന്ന പോളിഫെനോളുകൾ തലച്ചോറിലെ വാർദ്ധക്യത്തിന്റെ ഫലങ്ങൾ മന്ദഗതിയിലാക്കാൻ സഹായിക്കും.
ഗ്രീൻ ടീ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കഫീൻ നൽകുന്ന പ്രകൃതിദത്ത തെർമോജെനിക് ഗുണങ്ങളും കാറ്റെച്ചിൻ പോലുള്ള സസ്യ സംയുക്തങ്ങളും ഇതിന് പ്രവർത്തിക്കുന്നു. ഗ്രീൻ ടീ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്നും അതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിൽ ഗുണം ചെയ്യുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.