Kerala

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ചൈനീസ് ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുന്നു

ന്യൂഡല്‍ഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ചൈനീസ് ഗവേഷണ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുകയാണെന്ന് റിപ്പോര്‍ട്ട്. സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലദ്വീപിലേക്കു പോകാനായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്കു പ്രവേശിക്കുന്നത്.

കപ്പല്‍ ജനുവരി 30ന് മാലദ്വീപിലെ മാലെയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ആശങ്ക ഉന്നയിച്ചതിനു പിന്നാലെ ഒരു വര്‍ഷത്തിനു മുകളിലായി ഇത്തരം കപ്പലുകള്‍ സ്വന്തം തുറമുഖത്ത് പ്രവേശിക്കുന്നത് ശ്രീലങ്ക വിലക്കിയിരുന്നു.

ഈ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ‘ഓഷ്യന്‍ സര്‍വേ ഓപറേഷന്‍’ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇന്ത്യയില്‍ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയേക്കുമെന്നും ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ഗവേഷകനായ ഡാമിയന്‍ സൈമണിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ സഞ്ചാരപാത നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മാലദ്വീപ് പ്രസിഡന്റിന്റെ ഓഫിസോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ചൈനയുടെ പ്രതിരോധ മന്ത്രാലയമോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കപ്പല്‍ ശേഖരിക്കുന്ന വിവരങ്ങള്‍, അന്തര്‍വാഹിനികളുടെ വിന്യാസം ഉള്‍പ്പെടെയുള്ളവ സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്കായി ചൈനയ്ക്ക് ഉപയോഗിക്കാമെന്നും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് 2022 മുതല്‍ ഇത്തരം കപ്പലുകള്‍ക്ക് സ്വന്തം തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ ശ്രീലങ്ക അനുമതി നിഷേധിച്ചിരുന്നു. അനുമതിയില്ലാതെ പ്രവേശിച്ചതിനെ തുടര്‍ന്ന് 2019ല്‍ ഒരു ചൈനീസ് ഗവേഷണ കപ്പലിനെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍(ഇഇസെഡ്)നിന്ന് ഇന്ത്യ പുറത്താക്കിയിരുന്നു.

ഇന്ത്യ ഔട്ട്’ ക്യംപെയ്നുമായി കഴിഞ്ഞ നവംബറില്‍ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായത്. മാര്‍ച്ച് 15നകം മാലദീപില്‍ നിലയുറപ്പിച്ചിരിക്കുന്ന 88 ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് മാലദ്വീപ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് മുഹമ്മദ് മുയിസു ഇവരെ സസ്‌പെന്‍ഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top