Education

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കണം: ഗവർണർ പി എസ് ശ്രീധരൻപിള്ള

Posted on

പാലാ: കുട്ടികളുടെ കഴിവുകളെ വളരുന്ന പ്രായത്തിൽ പ്രോത്സാഹിപ്പിച്ചാൽ ഒട്ടേറെ പ്രതിഭാശാലികളെയും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെയും വാർത്തെടുക്കാൻ സാധിക്കുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
പാലാ ചാവറ പബ്ളിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസഫ് കുര്യൻ പരസഹായമില്ലാതെ തയ്യാറാക്കിയ യുട്യൂബ് ചാനലിൽ ഒരു ലക്ഷത്തിലേറെ വരിക്കാരെ നേടിയതിന് യൂട്യൂബ് ഏർപ്പെടുത്തിയ യുട്യൂബ് ക്രിയേറ്റർ അവാർഡായ സിൽവർ ബട്ടൺ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികൾ മനസിലാക്കി അവരുടെ കഴിവുകൾ കണ്ടെത്താൻ നമുക്ക് കഴിയണം. അങ്ങനായാൽ നമ്മുടെ ഇടയിൽ നിന്നു തന്നെ മികച്ച ശാസ്ത്രജ്ഞരെയും മികച്ച അഭിനേതാക്കളെയും മികച്ച കായികതാരങ്ങളെയും ഒക്കെ വളർത്തിയെടുക്കാനാവുമെന്നും പി എസ് ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. അഡ്വ ജെ ആർ പത്മകുമാർ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജിനോ ജോർജ് ഞള്ളമ്പുഴ എന്നിവരും പങ്കെടുത്തു.
മാസ്റ്റർ എഡിറ്റിംഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ വീഡിയോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചു മൊബൈൽ ഫോണിൽ സ്വയം എഡിറ്റു ചെയ്താണ് ജോസഫ് കുര്യൻ വീഡിയോകൾ ഉൾപ്പെടുത്തുന്നത്. കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം കണ്ടെത്തി വീഡിയോയിൽ ചേർക്കും. കടുത്ത റൊണാൾഡോ ആരാധകനായ ജോസഫ് കുര്യൻ തയ്യാറാക്കിയ വീഡിയോകളിൽ കൂടുതലും തൻ്റെ ആരാധനാപാത്രമായ റൊണാൾഡോയുടെ വീഡിയോകളാണ്. മെസ്സി, നെയ്മർ, എംപാബേ തുടങ്ങിയ നിരവധി കളിക്കാരുടെയും വീഡിയോകളും ചാനലിൽ ഉണ്ട്. ജോസഫ് തയ്യാറാക്കിയ 360 ൽ പരം വീഡിയോകൾ ഇതിനോടകം നാലരകോടിയിലേറെ ആളുകളാണ് കണ്ടത്. ജോസഫ് കുര്യൻ ഫുട്ബോളിലും പരിശീലനം നേടുന്നുണ്ട്. കൊച്ചിടപ്പാടി മൂലയിൽതോട്ടത്തിൽ എബി ജെ ജോസിൻ്റെ പുത്രനാണ് ജോസഫ് കുര്യൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version