Crime
കള്ള് കടം ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ ഷാപ്പ് ജീവനക്കാരനെ കുപ്പിക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഏഴ് യുവാക്കൾ പോലീസ് പിടിയിൽ
ഏറ്റുമാനൂർ : ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ MHC കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണുരാജ് (24), പേരൂർ 101 കവല ഭാഗത്ത് ശങ്കരമല കോളനിയിൽ താനപുരക്കൽ വീട്ടിൽ അനുമോൻ (36), പേരൂർ തെള്ളകം ഭാഗത്ത് ഒഴുകയിൽ വീട്ടിൽ മറവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു അനിൽ (26), പേരൂർ കരിയാറ്റുപുഴയിൽ വീട്ടിൽ അഖില്‍ ശശി (26), പേരൂർ MHC കോളനി ഭാഗത്ത് മേച്ചേരികാല വീട്ടിൽ നവീൻ (24), ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് പുതുപ്പള്ളി വീട്ടിൽ ഷെബിൻ ദാസ് (33),പേരൂർ MHC കോളനി ഭാഗത്ത് കാരിത്തടത്തിൽ വീട്ടിൽ വേണുഗോപാൽ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ രാത്രി 7 മണിയോടുകൂടി ഏറ്റുമാനൂർ ചെറുവാണ്ടൂർ ഷാപ്പിലെത്തി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഷാപ്പിലെത്തിയ ഇവർ ഇവിടുത്തെ ജീവനക്കാരനോട് കള്ള് കടം ചോദിക്കുകയും, ജീവനക്കാരൻ ഇത് വിസമ്മതിച്ചതിനെ തുടർന്ന് ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും, ചില്ലു കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്നിവർ ഷാപ്പിലെ ചില്ല് കുപ്പികളും,പാത്രങ്ങളും അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സൈജു, സി.പി.ഓ മാരായ സജി പി.സി, ഡെന്നി, ജോഷ്കുമാര്‍, പ്രീതിജ്, മനോജ് , സാബു പി.ജെ, സുനിൽ, സെബാസ്റ്റ്യൻ, അനീഷ് വി.കെ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിഷ്ണുരാജിന് ഗാന്ധിനഗർ, തിരുവല്ല, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിലും വിഷ്ണു അനിലിന് പാലാ,ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, വൈക്കം, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലും അനുമോൻ,അഖിൽ ശശി, നവീന്‍ , ഷെബിന്‍ ദാസ് എന്നിവർക്ക് ഏറ്റുമാനൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇവരെ കോടതിയില്‍ ഹാജരാക്കി.